മുംബൈ: എണ്‍പതുകളില്‍ ദക്ഷിണേന്ത്യന്‍ സിനിമയെ ത്രസിപ്പിച്ച മാദക റാണി സില്‍ക് സ്മിതയുടെ ജീവിതം പറയുന്ന ദി ഡേര്‍ടി പിക്ചറിനെതിരെ സില്‍കിന്റെ ബന്ധുക്കള്‍ രംഗത്ത് വന്നു. സില്‍ക് സ്മിതയുടെ സഹോദരനും ചില ബന്ധുക്കളുമാണ് സിനിമക്കെതിരെ കോടതിയെ സമീപിക്കാന്‍ ആലോചിക്കുന്നത്. ശരിയായ വിധത്തിലല്ല സില്‍കിന്റെ ജീവിതം ചിത്രീകരിച്ചതെന്നും ഇല്ലാത്ത കാര്യങ്ങള്‍ സില്‍കിന്റെ പേരില്‍ ചിത്രത്തില്‍ പറഞ്ഞിട്ടുണ്ടെന്നും ആരോപിച്ചാണ് ബന്ധുക്കള്‍ നിയമ നടപടിക്കൊരുങ്ങുന്നത്.

മിലന്‍ ലുത്രിയയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ വിദ്യാ ബാലനാണ് സില്‍കിനെ അഭ്രപാളിയില്‍ എത്തിക്കുന്നത്. ഹിന്ദിയില്‍ തെട്ടാതെല്ലാം പൊന്നാക്കുന്ന സംഗീത സംവിധായകര്‍ വിശാല്‍ ശേഖറാണ് ദി ഡേര്‍ടി പിക്ച്ചറിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. സില്‍ക് സ്മിത ജീവിച്ച കാലഘട്ടത്തിനു ചേരുന്ന പാട്ടുകളും ഗാനചിത്രീകരണവുമാണ് ആസ്വാദകര്‍ക്കുമുമ്പില്‍ വീണ്ടുമെത്തുന്നത്. വിദ്യയുടെ ഐറ്റം ഡാന്‍സ് സിനിമയുടെ ഹെലൈറ്റ് ആയിരിക്കും.

നസ്‌റുദ്ദീന്‍ ഷാ, ഇമ്രാന്‍ ഹാഷ്മി, തുഷാര്‍ കപൂര്‍ എന്നിവരാണ് ചിത്രത്തില്‍ നായകവേഷങ്ങളില്‍. ഏക്താ കപൂറാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ഒരു കടങ്കഥ പോലെ വിചിത്രവും വിവാദങ്ങള്‍ ചൂഴ്ന്ന് നിന്നിരുന്നതുമായ ജീവിതമായിരുന്നു സില്‍ക് സ്മിതയുടേത്. സില്‍ക് സ്മിതയുടെ ജീവിതം കളങ്കപ്പെടുത്തുകയാണ് സിനിമ ചെയ്യുന്നതെന്ന് ആരോപിച്ചുള്ള ബന്ധുക്കളുടെ വരവ് ചിത്രത്തിന്റെ റിലീസിനെ ബാധിക്കുമോ എന്നാണ് ബോളിവുഡിന്റെ ആശങ്ക. ചിത്രത്തിന്റെ ട്രെയിലര്‍ അടുത്തിടെയായിരുന്നു പുറത്തിറങ്ങിയത്.