Administrator
Administrator
ഗ്ലാമര്‍ സിനിമയുടെ ‘സില്‍ക്ക് റൂട്ട് ‘
Administrator
Sunday 13th February 2011 7:05pm

silk-smitha-vidyabalan


ദക്ഷിണേന്ത്യന്‍ സിനിമാവ്യവസായത്തിന്റെ തലസ്ഥാനമായ കോടമ്പാക്കത്തെത്തിയ അവര്‍ക്ക് പ്രതീക്ഷിച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. അവസരത്തിനായി അലഞ്ഞുനടന്ന വിജയലക്ഷ്മിക്ക് ആദ്യംലഭിച്ച റോള്‍തന്നെ മേനിപ്രദര്‍ശനത്തിന്റേതായിരുന്നു.


 

ഒന്നുമില്ലാത്തിടത്തു നിന്നും പ്രശസ്തിയുടെ അത്യുന്നതങ്ങളിലെത്തുകും ഒടുവില്‍ അവിടെ നിന്നും എല്ലാവരാലും തിരസ്‌കരിക്കപ്പെടുകയും ചെയ്ത നിരവധി നടിമാര്‍ ഇന്ത്യന്‍ സിനിമയിലുണ്ട്. അത്തരത്തില്‍ പ്രശസ്തിയുടെ പരകോടിയില്‍ നില്‍ക്കേ കടാക്ഷമിഴികളുടെ മാസ്മരികസൗന്ദര്യത്താല്‍ ആരാധകരെ കറക്കിവീഴ്ത്തിയ നടിയായിരുന്നു വിജയലക്ഷ്മിയെന്ന സില്‍ക്ക് സ്മിത.

സൗത്ത് ഇന്ത്യന്‍ സിനിമയിലെ ഈ മാദകത്തിടമ്പിന്റെ കഥ വീണ്ടും വെള്ളിത്തിരയിലെത്തുകയാണ്. മിലന്‍ ലുത്രിയയുടെ ‘ഡേര്‍ട്ടി പിക്ച്ചര്‍’ എന്ന ചിത്രത്തിലൂടെയാണ് സ്മിതയുടെ ജീവിതം വീണ്ടും പ്രേക്ഷകര്‍ക്കു മുമ്പിലെത്തുന്നത്. സ്മിതയുടെ റോള്‍ അഭിനയിക്കുക മറ്റൊരു മലയാളിയും ബോളിവുഡിലെ തിരക്കുള്ള നടിയുമായ വിദ്യാബാലനാണ്. ചിത്രം പുറത്തിറങ്ങുന്നതോടെ സില്‍ക്ക് സ്മിത വീണ്ടും ചര്‍ച്ചയാകുന്നു.

silk-smitha
നടിയാകാനാഗ്രഹിച്ച്…
എല്ലാവരും അറിയപ്പെടുന്ന അഭിനേത്രിയാകാനിയിരുന്നു ചെറുപ്പത്തില്‍ വിജയലക്ഷ്മിയുടെ ആഗ്രഹം. ആന്ധ്രയിലെ എലൂരു ഗ്രാമത്തില്‍ ജനിച്ച സ്മിത സിനിമാസ്വപ്‌നങ്ങളെ ഏറെ താലോലിച്ചിരുന്നു. എന്നാനല്‍ ദാരിദ്ര്യവും ജീവിതപ്രാരാബ്ധങ്ങളും ചെറുപ്പത്തില്‍ തന്നെ സ്മിതയുടെ ജീവിതത്തിലെ വില്ലനായി. അഞ്ചാംക്ലാസിന്റെ പരിഞ്ജാനവുമായി വിജയലക്ഷ്മി വണ്ടികയറി, മദ്രാസിലേക്ക്.

ദക്ഷിണേന്ത്യന്‍ സിനിമാവ്യവസായത്തിന്റെ തലസ്ഥാനമായ കോടമ്പാക്കത്തെത്തിയ അവര്‍ക്ക് പ്രതീക്ഷിച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. അവസരത്തിനായി അലഞ്ഞുനടന്ന വിജയലക്ഷ്മിക്ക് ആദ്യംലഭിച്ച റോള്‍തന്നെ മേനിപ്രദര്‍ശനത്തിന്റേതായിരുന്നു.

തന്റെ ആദ്യസിനിമയിലെ നായികയുടെ കാമുകനെ കൈയ്യിലെടുക്കാനായത് അവര്‍ക്ക് സഹായകമായി. തമിഴ്‌സിനിമയില്‍ ചെറിയ പിടിപാടുള്ള ആളായിരുന്നു കാമുകന്‍. ഇയാളാണ് വിജയലക്ഷ്മിയ്ക്ക് സ്മിതയെന്ന പേരു നല്‍കിയത്. തുടര്‍ന്ന് സ്മിത ചെറിയ ‘തുണ്ടുപട’ങ്ങളില്‍ മുഖം കാണിച്ചുതുടങ്ങി.

silk-smitha
‘ഇണയെ തേടി’യെന്ന മലയാളം ചിത്രത്തില്‍ അഭിനിയിച്ചെങ്കിലും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. എന്നാല്‍ ‘വണ്ടിചക്ര’ മെന്ന തമിഴ് സിനിമയിലൂടെയാണ് സ്മിത വസ്ത്രധാരണത്തില്‍ പിശുക്കു കാട്ടിത്തുടങ്ങിയത്. ചിത്രം മെഗാഹിറ്റായതോടെ സില്‍ക്ക് സ്മിതയെന്ന താരം ഉദിക്കുകയായിരുന്നു. ചിത്രത്തില്‍ സ്മിതയുടെ കാരക്ടറിന്റെ പേര് ‘സില്‍ക്ക്’ എന്നായിരുന്നു. തുടര്‍ന്നാണ് സില്‍ക്ക് സ്മിതയെന്ന നടി കത്തിക്കയറുകയായിരുന്നു.

തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സില്‍ക്ക് സമിതയ്ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. കൈനിറയെ ചിത്രങ്ങള്‍, അധികവും മേനിപ്രദര്‍ശനത്തിന്റേതായിരുന്നു. ‘ഐറ്റം ഗേള്‍’ എന്ന പദം ഉരുത്തിരിയുന്നതിനു മുമ്പേതന്നെ ഈ സ്ഥാനത്തെത്തിയ നടിയായിരുന്നു സില്‍ക്ക്. ബിഗ്രേഡ് സിനിമകളിലായിരുന്നു തുടക്കമെങ്കിലും തമിഴ്മലയാളംതെലുങ്ക് ചിത്രങ്ങളിലെ അവിഭാജ്യഘടകമായി സ്മിത മാറി.

സ്മിതയുടെ ‘ഐറ്റം നമ്പറി’നായി നിര്‍മ്മാതാക്കള്‍ പണം വാരിയെറിഞ്ഞു. സില്‍ക്ക് സ്മിതയുടെ ‘പ്രകടനം’ കാണാനായി മാത്രം പ്രേക്ഷകര്‍ തിയേറ്ററിലേക്ക് ഇടിച്ചുകയറുന്ന സ്ഥിതിയെത്തി. സ്മിതയുടെ ഒരു ഐറ്റം ഡാന്‍സ് ഇല്ലാതെ ഒരുചിത്രവും പുറത്തിറങ്ങാത്ത അവസ്ഥയായിരുന്നു.

അക്കാലത്തെ പ്രമുഖനടിമാര്‍ വാങ്ങുന്നതിനേക്കാളും പ്രതിഫലമായിരുന്നു സ്മിതയ്ക്ക് നിര്‍മ്മാതാക്കള്‍ നല്‍കിയിരുന്നത്. ഒരു ഡാന്‍സില്‍ അഭിനിയിക്കുന്നതിനുമാത്രം 50,000 രൂപവരെ ആയിരുന്നു സ്മിതയുടെ പ്രതിഫലം. ഈ തുക വര്‍ഷങ്ങള്‍ക്ക് മുമ്പാണെന്ന് ഓര്‍ക്കണം.

‘സില്‍ക്ക്,സില്‍ക്ക്,സില്‍ക്ക്’ എന്ന ചിത്രം റിലീസായതോടെ സ്മിതയുടെ പ്രശസ്തി കൊടുമുടിയിലെത്തി. ചിത്രത്തില്‍ മൂന്നുറോളായിരുന്നു സ്മിതയ്ക്ക്. ചിത്രം കാണാനായി ആരാധകര്‍ തള്ളിക്കയറി.

എന്നാല്‍ വെറും മേനിപ്രദര്‍ശനത്തില്‍ നിന്നും ഒരു ചുവടുമാറ്റം നടത്താന്‍ സില്‍ക്ക് സ്മിത ശ്രമം നടത്തിയിരുന്നു. പ്രമുഖ മലയാളം, തമിഴ് നടന്‍മാരുടെകൂടെ അഭിനയിക്കാന്‍ സ്മിതയ്ക്ക് അവസരം ലഭിച്ചു. കമലഹസന്‍,ശിവാജി ഗണേശന്‍, രജനീകാന്ത്, ചിരഞ്ജീവി എന്നിവരോടൊപ്പം ചില ചിത്രങ്ങളിലും സില്‍ക്ക് അഭിനിയിച്ചു.

silk
ബാലുമഹേന്ദ്രയുടെ മൂന്റം പിറൈ, ഭാരതി രാജയുടെ അലൈഗല്‍ ഒവിയത്തില്ലൈ എന്നീ ചിത്രങ്ങളില്‍ സില്‍ക്ക് സ്മിത അഭിനയിച്ചത് വെറും മേനിപ്രദര്‍ശനത്തിന്റെ പിന്‍ബലത്തിലായിരുന്നില്ല. സദ്മ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും സ്മിത ഹരിശ്രീ കുറിച്ചു. കമലഹസനും ശ്രീദേവിയുമായിരുന്നു ചിത്രത്തിലെ നായികാ നായകന്‍മാര്‍.

മലയാളം ചിത്രങ്ങളിലും സില്‍ക്ക് സ്മിത ഒഴിച്ചുകൂടാനാവാത്ത ഘടകമായി മാറി. സ്ഫടികം, അഥര്‍വ്വം, നാടോടി, ലയനം, സാക്ഷാല്‍ ശ്രീമാന്‍ ചാത്തുണ്ണി എന്നീ ചിത്രങ്ങളിലെ ‘ഐറ്റം ഡാന്‍സു’കള്‍ സ്മിതയെ മലയാളികള്‍ക്ക് പരിചിതയാക്കി.

എന്നാല്‍ കൂടുതല്‍ ‘മികച്ച പ്രകടനം’ നടത്താന്‍ യുവനടികള്‍ തയ്യാറായി രംഗത്തെത്തിയതോടെ സില്‍ക്ക് സ്മിതയുടെ ശനിദശ ആരംഭിക്കുകയായിരുന്നു. ഇതിനിടെ ഒരുസിനിമ നിര്‍മ്മിക്കാനും സ്മിത നീക്കം നടത്തിയിരുന്നു. ഇത് വന്‍ സാമ്പത്തികബാധ്യത വരുത്തിവെച്ചു. വിവിധഭാഗങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദംകൂടി വന്നതോടെ സ്മിതയ്ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയാതെയായി. തുടര്‍ന്ന് 1996 സെപ്റ്റംബര്‍ 23ന് സില്‍ക്ക് സ്മിതയെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

silksmitha

ഗ്ലാമറിന്റേയും ആരാധകരുടേയും ആരവമില്ലാത്ത ലോകത്തേക്ക് സില്‍ക്ക് സ്മിത യാത്രയാവുകയായിരുന്നു. സാമ്പത്തികബാധ്യതകള്‍ മൂലമാണ് ആത്മഹത്യ ചെയ്യുന്നതെന്ന കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു. എന്നാല്‍ സില്‍ക്കിന്റെ മരണം കൊലപാതകമാണെന്ന് പലദിക്കില്‍ നിന്നും അഭിപ്രായമുയര്‍ന്നു. തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തിയെങ്കിലും സില്‍ക്ക് സ്മിതയുടെ മരണംപോലെ അതും ദുരൂഹമായി അവശേഷിച്ചു.

Advertisement