ചിറ്റൂര്‍: സൈലന്റ്‌വാലിയിലെ കുപ്പിവെള്ളകമ്പനിയെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് കളക്ടര്‍ വനം മന്ത്രിക്കു സമര്‍പ്പിച്ചു. കമ്പനി നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് കളക്ടര്‍ വനംമന്ത്രി ബിനോയ് വിശ്വത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

കേന്ദ്ര വനം പരിസ്ഥി മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും മറികടന്നാണ് കമ്പനി പ്രവര്‍ത്തിക്കുന്നതെന്നും ഫാക്‌സ് മുഖാന്തിരം കളക്ടര്‍ അയച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനിടെ സൈലന്റ് വാലിയുടെ ബഫര്‍ സോണ്‍ പ്രദേശത്ത് ലാഭേച്ഛയോടെയുള്ള ഒരു നിര്‍മ്മാണപ്രവര്‍ത്തിനങ്ങളും അനുവദിക്കില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. വനംവകുപ്പിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ച്ചയുണ്ടോ എന്ന് പരിശോധിക്കാന്‍ വനംവകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വനംമന്ത്രി വ്യക്തമാക്കി.

പ്രതിദിനം 20,000 കുപ്പിവെള്ളമാണ് കമ്പനിയില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്നത്. കൂടാതെ വെള്ളം നിറയ്ക്കാനാവശ്യമായ പ്ലാസ്റ്റിക് കുപ്പികളും ഇവിടെയാണ് നിര്‍മ്മിക്കുന്നത്. കമ്പനിയുടെ പ്രവര്‍ത്തനം സൈലന്റ്‌വാലിയുടെ ജൈവവൈവിധ്യത്തിനും ആദിവാസികളുടെ സൈ്വരജീവിതത്തിനും ഭീഷണിയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.