എഡിറ്റര്‍
എഡിറ്റര്‍
മന്‍മോഹന്‍ സിങ് ‘ദുരന്തചിത്ര’മെന്ന് വാഷിങ്ടണ്‍ പോസ്റ്റ്
എഡിറ്റര്‍
Wednesday 5th September 2012 1:47pm

ന്യൂദല്‍ഹി: ടൈംമാസികയ്ക്ക് പിന്നാലെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ വിമര്‍ശിച്ച് യു.എസ് പത്രം ദ വാഷിങ്ടണ്‍ പോസ്റ്റ്. മന്‍മോഹന്‍ സിങ്ങിനെ ‘ദുരന്തചിത്രം’ എന്നാണ് വാഷിങ്ടണ്‍ പോസ്റ്റ് വിശേഷിപ്പിച്ചത്.

‘ ഇന്ത്യാസ് സൈലന്റ് പ്രൈം മിനിസ്റ്റര്‍ ബികംസ്  ട്രാജിക് ഫിഗര്‍’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച സ്റ്റോറിയിലാണ് മന്‍മോഹന്‍ സിങ്ങിനെ വിമര്‍ശിക്കുന്നത്. ഇന്ത്യയെ ഐശ്വര്യത്തിലേക്കും ശക്തിയിലേക്കും നവീനതയിലേക്കും നയിച്ച പ്രധാനമന്ത്രി ഇപ്പോള്‍ ചരിത്രത്തിലെ പരാജിതനായി മാറുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Ads By Google

കരുതലോടും ബുദ്ധിപരമായും നീങ്ങിയിരുന്ന മന്‍മോഹന്‍ സിങ് ഇപ്പോള്‍ തീര്‍ത്തും വ്യത്യസ്തനായ ഒരാളായി മാറിയിരിക്കുകയാണ്. അദ്ദേഹം അഴിമതിയില്‍ മുങ്ങിയ സര്‍ക്കാരിന് അധ്യക്ഷം വഹിക്കുന്ന വിറയ്ക്കുന്ന, അസമര്‍ത്ഥനായ ഒരു ഉദ്യോഗസ്ഥനായി മാറിയിരിക്കുകയാണെന്നും പത്രം കുറ്റപ്പെടുത്തുന്നു.

രണ്ടാം തവണയും അധികാരത്തില്‍ വന്നശേഷമാണ് മന്‍മോഹന്‍ സിങ്ങിന്റെ ജനാധിപത്യ തകര്‍ച്ചയുടെ കഥ ആരംഭിക്കുന്നത്. ഇന്ത്യയുടെ സാമ്പത്തിക മേഖല തകര്‍ന്നു. അഴിമതി രാജ്യത്തിന്റെ പേര് നശിപ്പിച്ചു. ഇന്ത്യ ആഗോള ശക്തിയായി മാറിക്കൊണ്ടിരിക്കുകയാണെന്ന ആശയം ചോദ്യചിഹ്നമായെന്നും വാഷിങ്ടണ്‍ പോസ്റ്റ് പറയുന്നു.

സിങ്ങിന്റെ ഭരണത്തില്‍ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ നിന്നുപോയി. വളര്‍ച്ച കുറഞ്ഞു. രൂപ കൂപ്പുകുത്തി. മന്ത്രിസഭയിലെ സഹപ്രവര്‍ത്തകര്‍ സ്വന്തം പോക്കറ്റുകള്‍ നിറയ്ക്കുമ്പോഴും ആരോപണങ്ങള്‍ ഒന്നൊന്നായി വരുമ്പോഴും സിങ് മൗനംഭജിക്കുന്നത് അദ്ദേഹത്തിന്റെ പ്രതിഛായ നശിപ്പിച്ചെന്നും പത്രം ചൂണ്ടിക്കാട്ടുന്നു.

മന്‍മോഹന്‍ സിങ്ങിനെ ദുരന്തചിത്രമെന്ന് വിശേഷിപ്പിക്കുമ്പോഴും അദ്ദേഹം സാമ്പത്തിക വിദഗ്ധനും അഴിമതിക്കറ പുരളാത്തയാളുമാണെന്ന് പത്രം സമ്മതിക്കുന്നുണ്ട്.

കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ കയ്യിലാണ് അധികാരമെന്നും സ്വന്തമായൊരു രാഷ്ട്രീയ അടിത്തറയില്ലാത്ത തിരഞ്ഞെടുക്കപ്പെടാത്ത പ്രധാനമന്ത്രിയാണ് സര്‍ക്കാരിനെ നയിക്കുന്നതെന്നും വാഷിങ്ടണ്‍ പോസ്റ്റ് പറയുന്നു.

മന്‍മോഹന്‍ സിങ് ഇന്ത്യയുടെ രക്ഷകനോ അതോ ‘സോണിയാ ഗാന്ധിയുടെ നായയോ’ എന്നായിരുന്നു ബ്രിട്ടന്റെ പ്രസിദ്ധീകരണങ്ങളിലൊന്നായ ദ ഇന്‍ഡിപെന്‍ഡന്റ്  കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച ലേഖനത്തിലെ പ്രധാന തലക്കെട്ട്.

Advertisement