ന്യൂദല്‍ഹി: സിക്കിമില്‍ ഞായറാഴ്ചയുണ്ടായ ഭൂചലനത്തില്‍ ഒരു ലക്ഷം കോടി രൂപയുടെ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി മുഖ്യമന്ത്രി പവന്‍ കുമാര്‍ ചാംലിംഗ് പറഞ്ഞു. ഭുകമ്പത്തിന്റെ കെടുതികളില്‍ നിന്നുള്ള മോചനത്തിനായി സംസ്ഥാനത്തിന് കേന്ദ്രസര്‍ക്കാര്‍ അടിയന്തര പാക്കേജ് അനുവദിക്കണമെന്നും ഗാംടോക്കില്‍ നടത്തിയ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഭുകമ്പം വരുത്തിയ നാശനഷ്ടങ്ങള്‍ സംബന്ധിച്ച സംസ്ഥാനം കണക്കെടുപ്പ് നടത്തിക്കൊണ്ടിരിക്കുകയാണ്. പത്തു ദിവസത്തിനകം ഇതുസംബന്ധിച്ച് അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രത്തിനോട് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന്് അഭ്യര്‍ത്ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു.

റിക്ടര്‍ സ്‌കെയിലില്‍ 6.8 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഇതുവരെ സിക്കിമില്‍ മാത്രം 68 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയും നേപ്പാളിലുമായി 130 പേര്‍ മരിച്ചു. മരിച്ചവരുടെ കുടുംബത്തിനു അഞ്ചു ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്കു 50,000 രൂപയും ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നേരത്തെ പ്രധാനമന്ത്രിയും ധനസഹായം പ്രഖ്യാപിച്ചിരുന്നു.

സിക്കിമിലെ വടക്കന്‍ ജില്ലകളിലെ ഒന്‍പത് ഗ്രാമങ്ങളില്‍ ഇനിയും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിഞ്ഞിട്ടില്ല. രണ്ട് മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ഇവിടേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും പത്ര സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.