ഗാങ്‌ടോക്: ഉത്തരേന്ത്യയിലും വടക്കു കിഴക്കന്‍ സംസ്ഥനങ്ങളിലും ഉണ്ടായ ഭൂകമ്പത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 72 ആയി. ഭൂകമ്പത്തില്‍ നൂറിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കനത്തമഴയും മണ്ണിടിച്ചിലും തുടരുന്നതിനാല്‍ മരണസംഖ്യ ഉയരാനിടയുണ്ട്. കെട്ടിടങ്ങള്‍ക്കും റോഡുകള്‍ക്കും വ്യാപകമായ നാശം സംഭവിച്ച സംസ്ഥാനങ്ങളില്‍ 5500 സൈനികോദ്യോഗസ്ഥരും ദേശീയ ദുരന്തനിവാരണസേനയും (എന്‍.ഡി.ആര്‍.എഫ്.), 7000 ഇന്‍ഡോ ടിബറ്റന്‍ അതിര്‍ത്തി പോലീസും (ഐ.ടി.ബി.പി.) രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. കനത്ത മഴയും മണ്ണിടിച്ചിലും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നുണ്ട്.

റിക്ടര്‍ സെ്കയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഞായറാഴ്ച വൈകിട്ട് 6.11ഓടെയാണ് സിക്കിമിലും ഉത്തരേന്ത്യയിലും നാശംവിതച്ചതെന്ന് പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. ഭൂകമ്പം ഏറ്റവും കൂടുതല്‍ നാശംവിതച്ച വടക്കുകിഴക്കന്‍ സംസ്ഥാനമായ സിക്കിമില്‍ 41 പേര്‍ മരിച്ചു. ബംഗാളില്‍ ഒമ്പതും, ബിഹാറില്‍ എട്ടും, ഏഴുംവീതം പേര്‍ നേപ്പാള്‍, ടിബറ്റ് എന്നിവിടങ്ങളിലുമാണ് മരിച്ചത്.

സിക്കിമിന്റെ വടക്കന്‍ജില്ലയായ ഗാങ്‌ടോക്കിലും തീസ്റ്റ നദീതീരത്തെ റാങ്‌പോ, ദിക്ചു, സിങ്തം, ചുങ്താങ് ഗ്രാമങ്ങളിലുമാണ് ഭൂകമ്പം കൂടുതല്‍ ദുരന്തം വിതച്ചത്. ഗാങ്‌ടോക്കില്‍ തീസ്റ്റ ഉജ്ര ലിമിറ്റഡിന്റെ ബസ് ഭൂകമ്പത്തിന്റെ അവശിഷ്ടങ്ങളില്‍ കുടുങ്ങി അതിലുണ്ടായിരുന്ന എട്ടുപേരും മരിച്ചതായി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വംകൊടുക്കുന്ന കരസേനയുടെ തലവന്‍ മേജര്‍ ജനറല്‍ എസ്.എല്‍. നരസിംഹന്‍ പറഞ്ഞു. തിസ്ത വൈദ്യുതി പദ്ധതി പ്രദേശത്ത് നിന്ന് 10 ജീവനക്കാരുടെ മൃതദേഹം കണ്ടെടുത്തു. സിക്കിമില്‍ 20 തുടര്‍ചലനങ്ങളുണ്ടായി.

‘ഓപ്പറേഷന്‍ മദാദ്’ എന്ന രക്ഷാപ്രവര്‍ത്തനത്തില്‍ സൈനികരും ഒമ്പത് ഹെലികോപ്റ്ററുകളുമാണ് പങ്കെടുക്കുന്നത്. സൈനികരെക്കൂടാതെ എന്‍.ഡി.ആര്‍.എഫിന്റെ 400 അംഗങ്ങളെ സിക്കിമില്‍ നിയോഗിച്ചതായി ഇന്‍സ്‌പെക്ടര്‍ ജനറല്‍ മുകുള്‍ ഗോയല്‍ ഡല്‍ഹിയില്‍ അറിയിച്ചു. 20 ഡോക്ടര്‍മാരുടെ സംഘവും ഇവര്‍ക്കൊപ്പമുണ്ട്. എന്നാല്‍, പ്രതികൂലകാലാവസ്ഥമൂലം ബഗ്‌ദോഗ്ര വിമാനത്താവളത്തില്‍ കു

ടുങ്ങിക്കിടക്കുകയാണ് ഇവര്‍. രണ്ട് ചേതക് ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ദുരന്തസ്ഥലം വീക്ഷിക്കുകയും അടിയന്തിര സഹായമെത്തിക്കാനും ശ്രമിക്കുന്നുണ്ട്. വടക്കന്‍ സിക്കിമില്‍ കുടുങ്ങിയ 14 വിനോദസഞ്ചാരികളെ സൈന്യംരക്ഷപ്പെടുത്തിയതായി നരസിംഹന്‍ അറിയിച്ചു. സാധനസാമഗ്രികളുമായി വ്യോമസേനയുടെ അഞ്ച് ചരക്കുവിമാനങ്ങള്‍ ഡല്‍ഹിയില്‍ നിന്നും ദുരന്തസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഗാങ്‌ടോക്കിലും പരിസരപ്രദേശങ്ങളിലും ഭൂരിഭാഗം കെട്ടിടങ്ങള്‍ നിലംപതിച്ചപ്പോള്‍ 85 ശതമാനം വീടുകള്‍ക്കും വിള്ളല്‍ വീണു.

ഭൂകമ്പത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രണ്ടുലക്ഷംരൂപ വീതവും സിക്കിം മുഖ്യമന്ത്രി പവന്‍ ചാംലിങ് അഞ്ചുലക്ഷം രൂപവീതവും സഹായധനം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് പ്രധാനമന്ത്രി ഒരുലക്ഷം രൂപവീതവും സംസ്ഥാനസര്‍ക്കാര്‍ 50,000 രൂപവീതവും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. നിസ്സാരപരിക്കേറ്റവര്‍ക്ക് സിക്കിം സര്‍ക്കാര്‍ 25,000 രൂപവീതവും നല്‍കും. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ രണ്ടുലക്ഷം രൂപവീതം സഹായം പ്രഖ്യാപിച്ചു.