p-chidambaramഗാങ്‌ടോക്ക്: ഞായറാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ തകര്‍ന്ന സിക്കിമിന് അടിയന്തര സഹായമായി കേന്ദ്രം 50 കോടി രൂപ അനുവദിക്കുമെന്ന് കേന്ദ്ര അഭ്യന്തര മന്ത്രി പി.ചിദംബരം. വിദേശ പര്യാടനം കഴിഞ്ഞെത്തിയാല്‍ ഉടന്‍ പ്രധാനമന്ത്രി സിക്കിം സന്ദര്‍ശിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സിക്കിമിലെ ഭൂകമ്പബാധിത പ്രശ്‌നങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

സിക്കിമിലെ വടക്കന്‍ ജില്ലകളിലെ ഇത് വരെ എത്തിപ്പെടാന്‍ കഴിയാത്ത ഒന്‍പത് ഗ്രാമങ്ങളിലേക്ക് ഇന്നോ നാളെയോ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും പത്ര സമ്മേളനത്തില്‍ കേന്ദ്രമന്ത്ര പ്രത്യാശ പ്രകടിപ്പിച്ചു.

നേരത്തെ ഞായറാഴ്ചയുണ്ടായ ഭൂചലനത്തില്‍ ഒരു ലക്ഷം കോടി രൂപയുടെ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി സിക്കിം മുഖ്യമന്ത്രി പവന്‍ കുമാര്‍ ചാംലിംഗ് പറഞ്ഞു. ഭുകമ്പത്തിന്റെ കെടുതികളില്‍ നിന്നുള്ള മോചനത്തിനായി സംസ്ഥാനത്തിന് കേന്ദ്രസര്‍ക്കാര്‍ അടിയന്തര പാക്കേജ് അനുവദിക്കണമെന്നും ഗാംടോക്കില്‍ നടത്തിയ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.

റിക്ടര്‍ സ്‌കെയിലില്‍ 6.8 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഇതുവരെ സിക്കിമില്‍ മാത്രം 68 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയും നേപ്പാളിലുമായി 130 പേര്‍ മരിച്ചു. മരിച്ചവരുടെ കുടുംബത്തിനു അഞ്ചു ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്കു 50,000 രൂപയും ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നേരത്തെ പ്രധാനമന്ത്രിയും ധനസഹായം പ്രഖ്യാപിച്ചിരുന്നു.