ന്യൂദല്‍ഹി : ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ അംഗവും ബി.ജെ.പി നേതാവും എം.പിയുമായ നവജോത്സിംഗ് സിദ്ദു ടോള്‍ പിരിവുകാരനെ മര്‍ദ്ദിച്ചു. സിദ്ദുസഞ്ചരിച്ചിരുന്ന കാര്‍ ടോള്‍ പിരിവുകേന്ദ്രത്തില്‍ നിര്‍ത്താതെ പോയി. ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ ജില്ലയിലാണ് സംഭവം. നിര്‍ത്താതെ പോയ കാറിനു നേരെ പിരിവുകാരന്‍ വടികൊണ്ട് എറിഞ്ഞതില്‍ പ്രകോപിതനായാണ് സിദ്ദു അയാളെ അടിച്ചതെന്നാണ് ആരോപണം.
ബി.ജെ.പി നേതാവ് വെങ്കയ്യ നായിഡുവിന്റെ ഉടമസ്ഥതയിലുള്ള സ്വര്‍ണ്ണഭാരതി ട്രസ്റ്റ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടയിലാണ് സംഭവം. പ്രശ്‌നം പരിഹരിച്ചതിനാല്‍ പോലീസ് കേസ് എടുത്തില്ല. പരിപാടിയില്‍ പങ്കെടുത്ത് സിദ്ദു തിരിച്ചു വരുന്നതിനിടയില്‍ അറവുമാടുകളെ ലോറിയില്‍ കയറ്റികൊണ്ടുപോകുന്നതിനെതിരെ പ്രതിഷേധിച്ച് ദേശീയപാതയില്‍ കുത്തിയിരിപ്പ് സമരവും നടത്തി. മാടുകളെ തുറന്നുവിടണമെന്നും കടത്തിയവര്‍ക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
ഇതിനിടയില്‍ പിരിവുകാരനെ തല്ലിയതില്‍ സിദ്ദുവിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഗ്രാമീണര്‍ സ്ഥലത്ത് തടിച്ചുകൂടി. പിന്നീട് പോലീസ് സ്ഥലത്തെത്തി പ്രശ്‌നം ഒത്തുതീര്‍ക്കുകയുമായിരുന്നു. എന്നാല്‍ പിരിവുകാരനെ തല്ലിയിട്ടില്ലെന്നാണ് സിദ്ദുവിന്റെ വാദം. സംഭവത്തില്‍ കേസെടുക്കണമെന്ന് പിരിവുകാരനായ ചിഞ്ചുരാമ്മയ്യയുടെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.