ബോളിവുഡിലെ ആദ്യ ചിത്രത്തിന്റെ വമ്പന്‍ വിജയം സിദ്ദിഖിനെ ആകര്‍ഷിക്കുകയാണ്. ബോഡിഗാര്‍ഡിന്റെ വിജയം സിദ്ദിഖിനെ ശരിയ്ക്കും ത്രില്ലടിപ്പിക്കുകയാണ്. ഹിന്ദി ചിത്രങ്ങളുടെ ഇടവേളകളില്‍ മാത്രമേ ഇനി മലയാള ചിത്രമെടുക്കുകയുള്ളൂവെന്ന് സിദ്ദിഖ് അടുത്തിടെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഹിന്ദിയില്‍ നിലയുറപ്പിക്കാനുള്ള ശ്രമം സിദ്ദിഖ് തുടങ്ങിക്കഴിഞ്ഞു. ബോഡിഗാര്‍ഡിനുശേഷം സിദ്ദിഖ് സംവിധാനം ചെയ്യുന്ന ഹിന്ദിചിത്രം ഉടനുണ്ടാവും.

കോമഡിക്ക് പ്രാധാന്യം നല്‍കുന്ന ചിത്രമാണ് സിദ്ദിഖ് സംവിധാനംചെയ്യുക. രണ്ടാം സിനിമയുടെ കരാര്‍ ഒപ്പിട്ടതായി സിദ്ദിഖ് പറഞ്ഞു. ചിത്രത്തിന്റെ മറ്റ് കാര്യങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുകയാണെന്നും സിദ്ദിഖ് അറിയിച്ചു.

സിദ്ദിഖിന്റെ ആദ്യ ബോളിവുഡ് ചിത്രമായ ബോഡിഗാര്‍ഡ് ഹിന്ദിയില്‍ കളക്ഷന്‍ റെക്കോര്‍ഡ് തകര്‍ത്ത് ബോളിവുഡില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. സല്‍മാന്‍ ഖാനും കരീന കപൂറും അഭിനയിച്ച ചിത്രം ബോളിവുഡിലെ മുന്‍നിര സംവിധായകരുടെ കൂട്ടത്തില്‍ സിദ്ദിഖിനും സ്ഥാനം നല്‍കി.

മലയാളചലച്ചിത്രലോകത്ത് സജീവസാന്നിധ്യമായിരുന്ന പ്രിയദര്‍ശന്‍ പരസ്യചിത്രങ്ങളിലൂടെയും പിന്നീട് സിനിമകളിലൂടെയും ബോളിവുഡിലെ സൂപ്പര്‍ സംവിധായകന്‍ എന്ന പേരെടുത്തുകഴിഞ്ഞു. പ്രിയന്റെ വഴിയില്‍ തന്നെയാണ് സിദ്ദിഖും സഞ്ചരിക്കുന്നത് എന്നാണ് പുതിയ വാര്‍ത്തകള്‍ നല്‍കുന്ന സൂചന.