തിരുവനന്തപുരം: മലയാള പ്രേക്ഷകരുടെ പ്രിയങ്കരനായ ഉണ്ണിക്കുട്ടന് ഒരിക്കല്‍ കൂടി അക്കോസൊട്ടുവിനെ കാണാനാഗ്രഹം. യോദ്ധാ സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ സിദ്ധാര്‍ഥ് ഇടവപ്പാതിയെന്ന ചിത്രത്തിനുവേണ്ടി നടത്തിയ മുഖാമുഖം പരിപാടിയിലാണ് മോഹന്‍ലാലിനെ കാണാനുള്ള മോഹം വെളിപ്പെടുത്തിയത്.

യോദ്ധാ സിനിമയില്‍ അക്കൊസേട്ടായെന്നുവിളിച്ച് ലാലിനു പിന്നാലെ നടന്ന കുട്ടിയല്ല സിദ്ധാര്‍ഥ് ഇന്ന്. വളര്‍ന്ന് വലിയ ആളായി. സിനിമയുടെ ഷൂട്ടിംഗിനുശേഷം കണ്ടിട്ടില്ലാത്ത മോഹന്‍ലാലിനെ വീണ്ടും കാണണമെന്ന ആഗ്രഹം തോന്നിയിട്ട് കുറച്ചുകാലമായി. ആ ആഗ്രഹം അറിയിക്കാനുള്ള അവസരം ലഭിച്ചപ്പോള്‍ സിദ്ധാര്‍ഥ് അത് ഉപയോഗിക്കുകയും ചെയ്തു.

കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ചില ഷോര്‍ട്ട്ഫിലിമുകളില്‍ പ്രത്യക്ഷപ്പെട്ടതൊഴിച്ചാല്‍ സിനിമയെ പൂര്‍ണമായി ഒഴിവാക്കുകയായിരുന്നു സിദ്ധാര്‍ഥ്.

നേപ്പാളിലെ ലാമ കുടുംബാംഗമായി സിദ്ധാര്‍ഥിനെ മാസങ്ങള്‍ക്ക് മുമ്പ് നേപ്പാളിലെ ദേശീയ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ലെനിന്‍ രാജേന്ദ്രന്‍ കണ്ടെത്തിയത് വാര്‍ത്തയായിരുന്നു. പിതാവ് അവിടെ സ്‌പോര്‍ട്‌സ് സൊസൈറ്റി കമ്മിറ്റിയംഗമാണ്. സ്‌കൂളിലും കോളജിലും ലഹരിക്കെതിരേ ബോധവത്കരണ പരിപാടിയില്‍ സജീവമാണെന്നും സിദ്ധാര്‍ഥ് പറഞ്ഞു.

ഇടവപ്പാതിയെന്ന ചിത്രത്തില്‍ നായകനെ കണ്ടെത്താനായി നേപ്പാളിലെത്തിയ ലെനിന്‍ രാജേന്ദ്രനാണ് സിദ്ധാര്‍ഥിനെ കണ്ടെത്തിയത്. ചിത്രത്തിലെ ഉപഗുപ്തന്റെ വേഷം സിദ്ധാര്‍ഥിന് നല്‍കുകയും ചെയ്തു.

അക്കൊസേട്ടാ എന്നു വിളിച്ച് മലയാളികളുടെ മനസില്‍ ഇടംനേടിയ കൊച്ചുലാമ ഇനി കുമാരനാശാന്റെ കരുണയിലെ ഉപഗുപ്തനായി ഇടംപിടിക്കുമോയെന്ന് കാത്തിരുന്ന് കാണാം.

Malayalam news

Kerala news in English