മലയാളികള്‍ക്ക് കപടനാട്യം: സിദ്ധാര്‍ത്ഥ് ഭരതന് സംസാരിക്കുന്നു
സിദ്ധാര്‍ത്ഥ് ഭരതന്/ ജിന്‍സി ബാലകൃഷ്ണന്
ഇടയ്ക്കാലത്ത് പുതുമയ്ക്കുവേണ്ടി ഏറെ ദാഹിച്ചിരുന്നു മലയാള സിനിമ. കണ്ടുമടുത്ത കഥയും പ്രേമേയവും പ്രേക്ഷകനെ തിയ്യേറ്ററുകളില്‍ നിന്നകറ്റിയ കാലഘട്ടം. ഇതിനിടയില്‍ പുത്തന്‍ പരീക്ഷണങ്ങളുമായി യുവസംവിധായകര്‍ വന്നു. പിടിച്ചുനില്‍ക്കാനോ മറ്റോ നിലവിലുള്ളവരില്‍ ചിലര്‍ റീമേക്കുകളിലേക്കും പോയി.
റീമേക്കുകളില്‍ പുതുമകൊണ്ടുവരാന്‍ ശ്രമിച്ചുവെന്ന് പറയുന്നുണ്ടെങ്കിലും അത് താരങ്ങളുടെയും മാര്‍ക്കറ്റിംഗ് തന്ത്രങ്ങളുടെയും കാര്യത്തില്‍ മാത്രമാണെന്ന് സിനിമ
കണ്ടവര്‍ക്ക് മനസിലാകും. റീമേക്കുകള്ക്കെതിരെ ശക്തമായ വിമര്‍ശനമുയരുന്ന കാലത്താണ് ഭരതന് കൈയ്യൊപ്പ് പതിഞ്ഞ നിദ്ര മുപ്പത് വര്‍ഷങ്ങള്‍ക്കുശേഷം റീമേക്ക് ചെയ്യാന്‍ മകന് സിദ്ധാര്‍ത്ഥ് രംഗത്തെത്തിയത്.
സിദ്ധാര്‍ത്ഥിന്റെ സംവിധാനരംഗത്തേക്കുള്ള ആദ്യ ചുവടുവെപ്പ് അച്ഛന്റെ ചിത്രം റീമേക്ക് ചെയ്തുകൊണ്ടായി. പക്ഷെ അതില്‍ കാലത്തിന്റേതായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിച്ചതിലൂടെ റീമേക്കിന് സിദ്ധാര്‍ത്ഥ് ഒരു മാതൃകയായി. സിദ്ധാര്‍ത്ഥ് ചെയ്ത നിദ്ര തിയ്യേറ്ററുകളിലെത്തിയിരിക്കുകയാണ്.
നിദ്രയൊരുക്കിയതിനെക്കുറിച്ചും റിലീസിനുശേഷം അഭിമുഖീകരിക്കേണ്ടി വന്ന പ്രശ്നങ്ങളെക്കുറിച്ചും സിദ്ധാര്‍ത്ഥ് സംസാരിക്കുന്നു.
ജിന്‍സി ബാലകൃഷ്ണന് : മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകനായ ഭരതന്റെയും മികച്ച നടിമാരിലൊരാളായ കെ.പി.എ.സി ലളിതയുടെയും മകനെന്ന നിലയില്‍ ആദ്യ സിനിമ ചെയ്യുമ്പോള്‍ പാരമ്പര്യം കാത്തുസൂക്ഷിക്കുകയെന്ന സമ്മര്‍ദ്ദം നേരിട്ടിരുന്നോ?
സിദ്ധാര്‍ത്ഥ് ഭരതന് : തീര്‍ച്ചയായും. അതുണ്ടാവുമല്ലോ. അച്ഛന് മികച്ച സംവിധായകന് എന്നു പേരെടുത്തയാളാണ്. ഞാനാണെങ്കില്‍ ആദ്യം ചെയ്യുന്നത് അച്ഛന്റെ സിനിമ പുതിയ ഭാവത്തില്‍
അവതരിപ്പിക്കുകയാണ്. അച്ഛന്റെയും അമ്മയുടെയും പേര് മോശമാക്കാതിരിക്കുകയെന്ന സമ്മര്‍ദ്ദം ഉണ്ടായിരുന്നു.
സിദ്ധാര്‍ത്ഥ് ആദ്യമായി സംവിധാന രംഗത്തെത്തിയിരിക്കുകയാണ്. അതിനായി തിരഞ്ഞെടുത്തത് 30 വര്‍ഷം മുമ്പ് അച്ഛന് ചെയ്ത നിദ്ര. എന്തുകൊണ്ടാണ് നിദ്രതന്നെ
തിരഞ്ഞെടുക്കാന്‍ കാരണം?
അച്ഛന് ചെയ്ത ഒരുപാട് ചിത്രങ്ങളുണ്ട്. അതില്‍ എന്തെങ്കിലും കൂട്ടിച്ചേര്‍ക്കാനുണ്ടെന്ന് എനിക്ക് തോന്നിയത് നിദ്രയിലാണ്. അമരവും, തകരയുമൊക്കെ പൂര്‍ണമാണ്. നിദ്രയില്‍ കുറച്ചുകൂടി എന്തൊക്കെയോ പറയാമെന്ന് തോന്നിയതുകൊണ്ടാണ് അത് പുനര്‍നിര്‍മിക്കാന്‍ തീരുമാനിച്ചത്.
മലയാള സിനിമയില്‍ ഒരുപാട് റീമേക്കുകള്‍ വരുന്ന കാലമാണിത്. സിനിമയിലെ കഥാദാരിദ്ര്യമാണ് ഈ റീമേക്കുകള്‍ക്ക് കാരണമെന്ന തരത്തില്‍ പലയിടങ്ങളിലില് നിന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ആദ്യ സിനിമ തന്നെ റീമേക്ക് ചിത്രമാക്കാന്‍ തീരുമാനിച്ചത് എന്തുകൊണ്ടാണ്?
നിദ്ര ഒരിക്കലും പൂര്‍ണ അര്‍ത്ഥത്തില്‍ റീമേക്ക് ചിത്രമല്ല. പഴയകാലത്തുള്ള ഒരു പ്രണയ കഥ ഇപ്പോഴത്തെ കാലത്തിനനുസരിച്ച് തയ്യാറാക്കുകയാണ് ചെയ്തത്. റീമേക്കുകളില്‍ പുതിയതായി എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് ചെയ്യുന്നതില്‍ തെറ്റില്ല. അല്ലാതെ സെക്ഷ്വല്‍ ആറ്റിറ്റിയൂഡ്സ് മാര്‍ക്കറ്റ് ചെയ്യാന്‍ വേണ്ടിയാവരുത്. നിദ്രയില്‍ പുതിയതായി ഞാന്‍ പലകാര്യങ്ങളും പറഞ്ഞിട്ടുണ്ട്.
നിദ്രയില്‍ വരുത്തിയ മാറ്റങ്ങള്‍ എന്തൊക്കെയാണ്?
കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ നിദ്രയില്‍ കൊണ്ടുവന്നിട്ടുണ്ട്. രണ്ട് വിരുദ്ധ ധ്രുവങ്ങളിലുള്ളവര്‍ തമ്മിലുള്ള കോണ്‍ഫഌക്ട് നമുക്കിവിടെ കാണാനാവും. പ്രകൃതിയെ സ്നേഹിച്ച് അതിനോടിണങ്ങി ജീവിക്കുന്ന ഒരു വിഭാഗം. മറുവശത്ത് കാര്യങ്ങളെ കുറേക്കൂടി പ്രാക്ടിക്കലായി സമീപിക്കുന്നവരും. ഈ രണ്ട് വിഭാഗങ്ങള്‍ക്കിടയിലുള്ള പ്രശ്നങ്ങളാണ് ഇന്ന് സമൂഹത്തിലുള്ളത്. അതിനെ നിദ്രയിലൂടെ കൊണ്ടുവരാന്‍ ശ്രമിക്കുന്നു.
തുടക്കത്തില്‍ മറ്റൊരാളെ നായകനാക്കി നിദ്ര ഒരുക്കാനായിരുന്നല്ലോ തീരുമാനിച്ചിരുന്നത്. പിന്നീട് സിദ്ധാര്‍ത്ഥ് തന്നെ നായകസ്ഥാനം ഏറ്റെടുത്തു. എന്തായിരുന്നു അതിന് പ്രേരിപ്പിച്ചത്?
നായകനാകാന്‍ ആദ്യം എനിക്ക് ഉദ്ദേശമില്ലായിരുന്നു. സിനിമ ചിത്രീകരണം തുടങ്ങുന്നതിന് മുമ്പ് ചില വ്യക്തിപരമായ പ്രശ്നങ്ങള്‍ വന്നു. ആ സാഹചര്യത്തില്‍ ഈ പ്രൊജക്ട് സംരക്ഷിക്കാന്‍ വേണ്ടി ഞാന്‍ നായകനാവുകയായിരുന്നു.
ആദ്യനിദ്രയില് വിജയ്മേനോന് ചെയ്ത കഥാപാത്രത്തെ പഠിച്ചശേഷമാണോ ക്യാമറയ്ക്ക് മുന്നിലെത്തിയത്?
വിജയ്മേനോന് അവതരിപ്പിച്ച കഥാപാത്രത്തെ നന്നായി ശ്രദ്ധിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അദ്ദേഹത്തോട് ചോദിച്ചറിഞ്ഞു. പല തവണ ഞങ്ങള്‍ ഇന്ററാക്ട് ചെയ്തു.
ഈ രണ്ട് അഭിനേതാക്കളെയും താരതമ്യം ചെയ്യുമ്പോള്‍ സ്വയം എങ്ങനെ വിലയിരുത്തുന്നു?
രണ്ടുപേരുടെയും അഭിനയത്തെ താരതമ്യം ചെയ്യാന്‍ ശ്രമിച്ചിട്ടില്ല.
നിദ്രകഴിയുമ്പോള് നായകനായാണോ സംവിധായകനായാണോ അറിയപ്പെടാന്‍ ഇഷ്ടപ്പെടുന്നത്?
രണ്ടും എനിക്കിഷ്ടമാണ്. അറിയാവുന്ന കാര്യങ്ങള്‍ ചെയ്യുന്നുവെന്നേയുള്ളൂ.
നിദ്രയുടെ സംവിധായകന് മികവ് പുലര്‍ത്തിയെന്നും നായകന് ശരാശരിയെന്നും അഭിപ്രായമുണ്ട്. അങ്ങനെ തോന്നിയിട്ടുണ്ടോ?
ഒരേസമയം രണ്ടുംകൂടി ചെയ്തപ്പോള്‍ ചില പ്രശ്നങ്ങളുണ്ടാവും. ഞാന്‍ ആഗ്രഹിച്ചത് രണ്ടുമേഖലയിലും ശരാശരിയെങ്കിലും മികവ് പുലര്ത്താനവണേയെന്നാണ്. എന്നാല്‍ സംവിധായകനെന്ന നിലയില്‍ കിടിലന്‍ എന്ന അഭിപ്രായമാണ് എനിക്ക് ലഭിച്ചത്. അത് എന്നെ സംബന്ധിച്ചിടത്തോളം ബോണസ്
പോയിന്റാണ്.
സിനിമയുടെ പോസ്റ്ററുകളില്‍ റൊമാന്റിക്കായ രംഗങ്ങളാണ് . അതൊരു മാര്‍ക്കറ്റിംഗ് തന്ത്രമായിരുന്നോ? അത് കുടുംബപ്രേക്ഷകരെ തിയ്യേറ്ററുകളില്‍ നിന്നകറ്റിയെന്ന് തോന്നിയിട്ടുണ്ടോ?
ഒരിക്കലും അത് മാര്‍ക്കറ്റിംഗിന് വേണ്ടി ചെയ്തതല്ല. എന്നെ സംബന്ധിച്ച് സിനിമ തയ്യാറാക്കുമ്പോള്‍ പണമുണ്ടാക്കല്‍ എന്ന ലക്ഷ്യമില്ല. നല്ല സിനിമകള്‍ ഉണ്ടാക്കണം. അതിനുവേണ്ടിയുള്ള ശ്രമങ്ങളാണ് ഞാന്‍ നടത്തിയിട്ടുള്ളത്.
ഈ സിനിമയില്‍ ഞാന്‍ രണ്ട് കാര്യങ്ങളാണ് പറയുന്നത്. ഒന്ന് രാജുവിന്റെയും അശ്വതിയുടെയും പ്രണയം. അതിനൊപ്പം അവരുടെ ഫാമിലിയുടെ കഥയും. ഇതില്‍ ആ പ്രണയത്തെ ഞാന്‍ പോസ്റ്ററുകളില്‍ കാണിച്ചുവെന്നു മാത്രം.
പോസ്റ്ററുകളില്‍ കണ്ട് എനിക്ക് രണ്ട് തരം ഫീഡ് ബാക്ക് ലഭിച്ചിട്ടുണ്ട്. നന്നായിട്ടുണ്ട് എന്ന് ചിലര്‍ പറഞ്ഞു. പോസ്റ്ററുകള്‍ കണ്ട് ഫാമിലി കയറുന്നില്ലെന്ന് പറഞ്ഞ് ചിലര്‍ അതിനെ വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.
നിദ്രകാണാന് ഫാമിലി കയറുന്നില്ലയെന്ന് പറഞ്ഞല്ലോ. പോസ്റ്ററുകള്‍ മാത്രമാണോ അതിന് കാരണം?
എന്താണെന്ന് കൃത്യമായി എനിക്കറിയില്ല. ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്ക് ഒരുമിച്ചിരുന്ന് കാണാന്‍ പറ്റാത്തതൊന്നും ഞാന്‍ അതില്‍ ചെയ്തുവച്ചിട്ടില്ല. സിനിമ കണ്ടവരാരും എന്നോട് ആ അഭിപ്രായം പറഞ്ഞിട്ടുമില്ല. പിന്നെ മലയാളികള്‍ക്ക് കപടനാട്യമാണ്. ഈ 21ാം നൂറ്റാണ്ടിലും ഇത് സൂക്ഷിക്കുന്നുവെന്നതാണ് എന്നെ അത്ഭുപ്പെടുത്തുന്നത്.
ചമ്മക്ക് ചലോയെന്ന പാട്ടില്‍ ഷാരൂഖ് ഖാന് ഷഡ്ഡിയും ബോഡിയുമിട്ട പെണ്പിള്ളേരോടൊത്ത് ഡാന്‍സ് ചെയ്യുന്നത് അച്ഛനും മക്കള്‍ക്കും ഒരുമിച്ചിരുന്ന് കാണുന്നതില്‍
കുഴപ്പമില്ല. നിദ്രയില്‍ കഥയെ സപ്പോട്ട് ചെയ്യുന്ന പ്രണയരംഗങ്ങള്‍ മാന്യമായി രീതിയില്‍ വന്നപ്പോള്‍ ഫാമിക്ക് പോകാന്‍ മടി.
നിദ്രയില്‍ അവരുടെ പ്രണയത്തെ ചിത്രീകരിക്കാന്‍ വേണ്ടിയുള്ള രംഗങ്ങള്‍ മാത്രമേ ഞാന്‍ ഉപയോഗിച്ചിട്ടുള്ളൂ.
നിദ്ര ഹോള്‍ഡ് ഓവര്‍ ഭീഷണി നേരിടുകയാണല്ലോ. അതിനെക്കുറിച്ച്?
ആളുകള്‍ സിനിമ കാണാനെത്താത്തതാണ് അതിന് കാരണം. എന്തുകൊണ്ടാണ് ആളുകള്‍ വരാത്തതെന്ന് മനസിലാവുന്നില്ല.
സംവിധാനം പഠിക്കാന്‍ വേണ്ടിയാണ് സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തതെന്ന് ചില അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. നടനായിരുന്ന സമയത്തും താല്പര്യം സംവിധാനയകനാവുകയെന്നതായിരുന്നോ?
സംവിധായകനാവുകയെന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. ആദ്യം ജയരാജന്റെ അസിസ്റ്റന്റായി വര്‍ക്ക് ചെയ്തിട്ടുണ്ട്. പിന്നീട് ചില സിനിമകളില്‍ അഭിനയിച്ചു. അതിനുശേഷം സിനിമയില്‍ നിന്നും ബ്രേക്ക് എടുത്ത് പ്രിയദര്‍ശന്റെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചു. സംവിധാനം കുറച്ചെങ്കിലും പഠിച്ചുവെന്ന് വന്നപ്പോഴാണ് സ്വന്തമായി സിനിമ ചെയ്യാനൊരുങ്ങിയത്.
നവാഗത സംവിധായകനെന്ന നിലയില്‍ എന്തെങ്കിലും പ്രതിസന്ധി നേരിടേണ്ടി വന്നിട്ടുണ്ടോ?
എന്നെപ്പോലെ ആദ്യമായി സിനിമ രംഗത്തെത്തുന്ന എല്ലാവര്ക്കും പല പ്രശ്നങ്ങളും നേരിടേണ്ടിവരും. അത് എനിക്കും നേരിടേണ്ടി വന്നിട്ടുണ്ട്. ഈ പ്രശ്നങ്ങളൊക്കെ നേരിട്ടാലേ മുന്നോട്ട് പോകാനാകൂ.
സിനിമകണ്ടശേഷം അമ്മയുടെ ഫീഡ് ബാക്ക് എന്തായിരുന്നു?
ഞാനും അമ്മയും ഒരുമിച്ചാണ് സിനിമ കണ്ടത്. അമ്മ നന്നായിട്ടുണ്ടെന്ന് പറഞ്ഞു.
പുതിയ പ്രോജക്ടുകളെക്കുറിച്ച് ആലോചിച്ച് തുടങ്ങിയോ?
നിദ്ര റിലീസായതേയുള്ളൂ. പുതിയ പ്രോജക്ടുകള്‍ ആലോചിക്കുന്നുണ്ട്. അടുത്തുതന്നെ ഉണ്ടാവുകയും ചെയ്യും.
തിരക്കഥാ രംഗത്ത് വരാനുദ്ദേശിക്കുന്നുണ്ടോ?
സിനിമയില്‍ എനിക്ക് പറ്റാവുന്ന എല്ലാമേഖലകളിലും എത്തണമെന്നാണ് എന്റെ ആഗ്രഹം. കുറേ നല്ല സിനിമകള്‍ ചെയ്യണം.
അതാണ് ആഗ്രഹം.
സ്വന്തം തിരക്കഥയില്‍ ഒരു സിനിമ അടുത്തുതന്നെ പ്രതീക്ഷിക്കാമോ?
തീര്‍ച്ചയായും. എന്റെ തിരക്കഥയില്‍ ഒരു സിനിമ അടുത്തുതന്നെ വരും.

