കൊച്ചി: നടിക്കെതിരായ ആക്രമണക്കേസിലെ പ്രതികളിലൊരാളെ സംവിധായകനും നടനുമായ ആളുടെ ഫഌറ്റില്‍ നിന്നും അറസ്റ്റ് ചെയ്തതായി വാര്‍ത്തകളുണ്ടായിരുന്നു. സിദ്ധാര്‍ത്ഥ് ഭരതന്റെ കക്കനാടുള്ള ഫഌറ്റില്‍ നിന്നുമാണ് അറസ്റ്റ് നടന്നതെന്ന തരത്തില്‍ പിന്നീട് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അത് താനല്ലെന്നും തന്റെ ഫ്‌ളാറ്റില്‍ നിന്നും ആരേയും പിടികൂടിയിട്ടില്ലെന്നും സിദ്ധാര്‍ത്ഥ് ഭരതന്‍ വ്യക്തമാക്കി.

രാവിലെ മുതല്‍ ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിരുന്നുവെന്നും വ്യാജ വാര്‍ത്ത കനത്ത ആഘാതമുണ്ടാക്കിയെന്നും സിദ്ധാര്‍ത്ഥ് ഭരതന്‍ പറഞ്ഞു. ഇതിനെതിരെ വിശദമായി തന്നെ പ്രതികരിക്കുമെന്ന് പറഞ്ഞ സിദ്ധാര്‍ത്ഥ് എന്നാല്‍ ഇപ്പോള്‍ അതിനുള്ള മാനസികാവസ്ഥയില്ലെന്നും വ്യക്തമാക്കി.

നേരത്തെ കേസുമായി ബന്ധപ്പെട്ട് ഒരു പ്രമുഖ നടനെ ചോദ്യം ചെയ്തുവെന്നും ആലുവയിലെ ഒരു നടന്റെ ഫ്‌ളാറ്റില്‍ നിന്നും ഒരു പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു എന്നും വാര്‍ത്തകളുണ്ടായിരുന്നു. പൊലീസ് ചോദ്യം ചെയ്ത നടന്‍ ദിലീപാണെന്ന തരത്തിലായിരുന്നു സോഷ്യല്‍ മീഡിയയിലും മറ്റും പ്രചരണം. എന്നാല്‍ ഇതിനെതിരെ ദിലീപ് തന്നെ രംഗത്ത് വരികയായിരുന്നു.

ആലുവയിലെ ആ നടന്‍ താനല്ലെന്നും പൊലീസ് തന്നെ ചോദ്യം ചെയ്തിട്ടില്ലെന്നുമായിരുന്നു ദിലീപിന്റെ പ്രതികരണം. താനാണെന്ന തരത്തില്‍ വാര്‍ത്ത നല്‍കുന്ന മാധ്യമങ്ങള്‍ തന്നെ അതാരാണെന്ന് വ്യക്തമാക്കണമെന്നും ദിലീപ് പറഞ്ഞിരുന്നു.