sibi mathewsതൃശൂര്‍:പോലീസിലെയും വിജിലന്‍സിലെയും ചില ഉന്നത ഉദ്യോഗസ്ഥര്‍ തനിക്കെതിരെ പ്രവര്‍ത്തിച്ചിരുന്നുവെന്ന് സിബി മാത്യൂസ്. കൈക്കൂലി വാങ്ങി പ്രതിയെ ഒഴിവാക്കിയെന്ന് ആരോപിച്ചു മുഖ്യവിവരാവകാശ കമ്മീഷണറും മുന്‍ ഡി.ജി.പിയുമായ സിബി മാത്യൂസിനെതിരെ സമര്‍പ്പിച്ച ഹരജി വിജിലന്‍സ് കോടതി തള്ളിയ അവസരത്തില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോപണത്തിനടിസ്ഥാനമായി തെളിവുകളില്ലാത്തതിനാലാണ് കേസ് കോടതി തള്ളിയത്.

തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ തനിക്കെതിരെ പരാതി നല്‍കിയവരില്‍ ഈ ഉന്നതര്‍ ഉള്‍പ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്കെതിരെ പ്രവര്‍ത്തിക്കുന്നവരെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഡി.ജി.പിയ്ക്കു പരാതി നല്‍കി ഒന്നരവര്‍ഷത്തോളമായിട്ടും അദ്ദേഹം ശരിയായ നടപടി സ്വീകരിച്ചിരുന്നില്ല. പരാതിക്കാരെ സംരക്ഷിക്കണമെന്ന താല്‍പര്യം ഡി.ജി.പിയ്ക്കും ഉണ്ടെന്നതാണ് ഇത് സൂചിപ്പിക്കുന്നത്. തനിക്കെതിരെ വ്യാജപരാതി നല്‍കി പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പത്തുലക്ഷം രൂപ കൈക്കൂലി വാങ്ങി മലബാര്‍ സിമെന്റ്‌സിലെ ഗ്രാഫൈറ്റ് അഴിമതിക്കേസിലെ പ്രതിയെ ഒഴിവാക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മഞ്ചേരി സ്വദേശി ഗോപിനാഥാണ്   അദ്ദേഹത്തിനെതിരെ പരാതി നല്‍കിയിരുന്നത്.