കൊച്ചി: ഫെഫ്ക പ്രസിഡന്റ് സിബി മലയിലും ജനറല്‍ സെക്രട്ടറി ബി.ഉണ്ണിക്കൃഷ്ണനും തല്‍സ്ഥാനങ്ങള്‍ രാജിവെച്ചു. ഏറ്റെടുത്ത ചുമതലകള്‍ പൂര്‍ത്തിയാക്കിയതിനാലാണ് രാജി എന്നാണ് ഇരുവരും കാരണമായി പറഞ്ഞിരിക്കുന്നത്. കൊച്ചിയില്‍ നടക്കുന്ന ഫെഫ്ക സ്‌പെഷ്യല്‍ കണ്‍വെന്‍ഷനിലാണ് ഇരുവരും രാജി പ്രഖ്യാപിച്ചത്.

നവംബര്‍ ഒന്നു മുതല്‍ ചലച്ചിത്ര നിര്‍മാതാക്കളുടെ സംഘടന പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഫെഫ്ക തൊഴിലാളി സംഗമം വിളിച്ചുചേര്‍ത്തത്. ഈ മാസം 26 ന് നടക്കുന്ന ജനറല്‍ കൗണ്‍സില്‍ യോഗം വരെ ഇരുവരോടും പദവികളില്‍ തുടരാന്‍ യോഗം നിര്‍ദേശിച്ചിട്ടുണ്ട്.

ഫെഫ്കയില്‍ അംഗങ്ങളായ ഡയറക്ടേഴ്‌സ് യൂണിയന്‍ മുതലുള്ള 16 യൂണിയനുകളും ഇന്നത്തെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നുണ്ട്. ഉച്ചയ്ക്ക് സംഘടനയുടെ കോര്‍ കമ്മിറ്റി യോഗം ചേരും. നിര്‍മാതാക്കളുടെ സമരത്തെ തുടര്‍ന്ന് ഫെഫ്കയുടെ നിലപാട് പ്രഖ്യാപിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.