ന്യൂദല്‍ഹി: ഒഴിയാബാധ പോലെ മൊബൈല്‍ഫോണ്‍ ഉപഭോക്താക്കളെ പിന്തുടരുന്ന അനാവശ്യ എസ.്എം.എസ് സന്ദേശങ്ങള്‍ക്ക് ഇനി വിട. ഇത്തരം എസ്.എം.എസുകള്‍ തടയുന്നതിനുള്ള പുതിയ സേവനം രണ്ടു മാസത്തിനുള്ളില്‍ നിലവില്‍ വരുമെന്ന് കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രി കപില്‍ സിബല്‍ വ്യക്തമാക്കി. 1909 എന്ന ഡി.എന്‍.ഡി നമ്പര്‍ നിലവില്‍ വരുന്നതോടെയാണ് ഇത്തരം പരസ്യ സന്ദേശങ്ങള്‍ തടയാന്‍ ഉപഭോക്താക്കള്‍ക്കു സാധ്യമാകുന്നത്. സേവനം നിലവില്‍വന്ന ശേഷം 1909 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ചോ എസ്.എം.എസ് അയച്ചോ ഉപഭോക്താക്കള്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്ത ഉപഭോക്താക്കളുടെ മൊബൈലിലേക്ക് വരുന്ന ഇത്തരം സന്ദേശങ്ങള്‍ സെര്‍വറില്‍ ബ്ലോക്ക് ചെയ്യപ്പെടും. കൂടാതെ എസ്.എം.എസുകളെ റിയല്‍ എസ്റ്റേറ്റ്, ക്രെഡിറ്റ് കാര്‍ഡ്, ഉപഭോക്തൃ ഉല്‍പന്നങ്ങള്‍, ബാങ്കിംഗ്, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിങ്ങനെ ഏഴു വിഭാഗങ്ങളായി വേര്‍തിരിക്കും.

പരസ്യ ലക്ഷ്യത്തോടെയുള്ള സന്ദേശങ്ങള്‍ വിലക്കാനുള്ള ഡാറ്റാബേസ് രജിസ്റ്ററായി എന്‍.ഡി.എന്‍.സി (നാഷണല്‍ ഡു നോട് കോള്‍) മാറ്റാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. വിലക്ക് ലംഘിക്കുന്ന ടെലിമാര്‍ക്കറ്റിംഗ് കമ്പനികള്‍ക്ക് കനത്ത പിഴ ഈടാക്കുമെന്നും മന്ത്രി വ്യക്തമാക്കി. അഞ്ചുതവണയില്‍ കൂടുതല്‍ എന്‍.ഡി.എന്‍.സി ലംഘിക്കുന്ന ടെലിമാര്‍ക്കറ്റിംഗ് കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും മന്ത്രി അറിയിച്ചു.