ന്യൂദല്‍ഹി: രാജ്യത്തെ കാര്‍ വില്‍പന ആഗസ്റ്റില്‍ കുറഞ്ഞതായി റിപ്പോര്‍ട്ട്. ആഗസ്റ്റ് മാസത്തില്‍ കാര്‍ വില്‍പന 5.7 ശതമാനം കുറഞ്ഞതായി സൊസൈറ്റി ഓഫ് ഇന്ത്യന്‍ ആട്ടോമൊബൈല്‍ മാനുഫാക്‌ച്ചേര്‍സ(സിയാം) അറിയിച്ചു. വായ്പാ നിരക്കിലുണ്ടായ വര്‍ദ്ധനവും ഇന്ധന വില വര്‍ദ്ധിച്ചതുമാണ് വില്‍പന കുറയാന്‍ കാരണമായത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം കാര്‍ വില്‍പന 30 ശതമാനം വര്‍ധിച്ചിരുന്നു. എന്നാലീ വര്‍ഷം 12 ശതമാനം വളര്‍ച്ചയേ കൈവരിക്കാന്‍ കഴിയൂ എന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ 18 ശതമാനം വര്‍ധനവുണ്ടാവുമെന്നായിരുന്നു സിയാം പറഞ്ഞിരുന്നത്.

ജൂലൈയിലെ അഭ്യന്തര കാര്‍ വിപണി 26 ശതമാനം താഴ്ന്നിരുന്നു. തുടര്‍ച്ചയായ മുപ്പത് മാസത്തെ വളര്‍ച്ചക്ക് ശേഷമാണ് വില്‍പനയില്‍ ഗണ്യമായ കുറവുണ്ടായത്. മുന്‍ നിര നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ, ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ, ടാറ്റാ മോട്ടോര്‍സ് എന്നിവയുടെയെല്ലാം വില്‍പ്പനയില്‍ ഇടിവ് സംഭവിച്ചിരുന്നു.

വായ്പാ പലിശ നിരക്കിലുണ്ടായ വര്‍ദ്ധനവാണ് പ്രധാനമായും വില്‍പനയില്‍ കുറവുണ്ടാവാന്‍ കാരണം. കഴിഞ്ഞ കുറച്ച് മാസത്തിനിടെ പതിനൊന്ന് തവണയാണ് റിസര്‍വ് ബാങ്ക് നിരക്കില്‍ വര്‍ദ്ധനവ് വരുത്തിയത്. ഇതിനെതുടര്‍ന്ന് ബാങ്കുകള്‍ വായ്പാനിരക്കില്‍ വര്‍ദ്ധനവ് വരുത്തിയത് വില്‍പനയെ വിപരീതമായി ബാധിച്ചു.

അതേസമയം മുന്‍നിര നിര്‍മാതാക്കളായ ടെയോട്ടോ, ജി.എം.ഹോണ്ട തുടങ്ങിയ കമ്പനികള്‍ വില വര്‍ദ്ധിപ്പിക്കാനൊരുങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്. അസംസ്‌കൃത പദാര്‍ത്ഥങ്ങളുടെ വില വര്‍ദ്ധനവിനെതുടര്‍ന്നാണിത്. കമ്പനികള്‍ വില വര്‍ധിപ്പിച്ചാല്‍ വില്‍പന വീണ്ടും കുറയാന്‍ അത് കാരണമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.