ന്യൂദല്‍ഹി: സിയാച്ചിന്‍ വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യയും പാക്കിസ്ഥാനും സെക്രട്ടറിതല ചര്‍ച്ചകള്‍ പുനരാരംഭിച്ചു. പ്രതിരോധ സെക്രട്ടറി പ്രദീപ് കുമാറ് ഇന്ത്യന്‍ സംഘത്തെയും ലഫ്.ജനറല്‍ (റിട്ട) സയ്യിദ് അതര്‍ അലി പാക് സംഘത്തെയും നയിക്കും.

2008 മുംബൈ ആക്രമണത്തിനുശേഷം ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു. തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ഭൂട്ടാന്റെ തലസ്ഥാനമായ തിംഫുവില്‍ നടന്ന ചര്‍ച്ചയില്‍ ഇരുരാഷ്ട്രങ്ങളുടേയും പ്രധാനമന്ത്രിമാര്‍ ചര്‍ച്ച നടത്തിയിരുന്നു.

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന സൈനികസാന്നിധ്യമുള്ള പ്രദേശമായ സിയാച്ചിന്‍ ഏറെക്കാലമായി ഇന്ത്യക്കും പാക്കിസ്ഥാനും ഇടയില്‍ പ്രശ്‌നമായി തുടരുകയാണ്. സിയാച്ചിന്‍ മലനിരകളെതൊട്ട് നീണ്ടുകിടക്കുന്ന 110 കിലോമീറ്റര്‍ അതിര്‍ത്തി നിര്‍ണയിക്കുന്നതിനെച്ചൊല്ലിയാണ് തര്‍ക്കം തുടരുന്നത്.

1985ല്‍ മുന്‍ പ്രധാനമന്ത്രി രാജിവ് ഗാന്ധിയും പാക് പ്രസിഡന്റ് ജനറല്‍ സിയാ ഉല്‍ ഹഖും തമ്മില്‍ സിയാച്ചിനെക്കുറിച്ച് ആദ്യചര്‍ച്ച നടന്നിരുന്നു.