എഡിറ്റര്‍
എഡിറ്റര്‍
ഇ-മെയില്‍ വിവാദം: എസ്.ഐ ബിജു സലീം 14 ദിവസം റിമാന്‍ഡില്‍
എഡിറ്റര്‍
Sunday 18th March 2012 4:00pm

തിരുവനന്തപുരം: മുസ്ലിം പ്രമുഖരുടെ ഇ-മെയില്‍ ചോര്‍ത്തല്‍ വിവാദത്തില്‍ വ്യാജ കത്ത് തയ്യാറാക്കിയതിന് അറസ്റ്റിലായ ഹൈടെക് സെല്‍ എസ്.ഐ ബിജു സലീമിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ബിജു സലീമിനെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എ.എം അഷ്‌റഫിന്റെ വീട്ടില്‍ ഹാജരാക്കുകയായിരുന്നു. സസ്‌പെന്‍ഷനിലായിരുന്ന ഇയാളെ ഇന്നു രാവിലെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

റിമാന്‍ഡ് ചെയ്ത ഇയാളെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടെങ്കിലും റിമാന്‍ഡ് ചെയ്യുകയായിരുന്നു. ഇ-മെയില്‍ വിവാദത്തില്‍ വ്യാജ കത്ത് തയ്യാറാക്കിയതാണ് ബിജുവിനെതിരായ കേസ്. ഇ-മെയില്‍ ചോര്‍ത്തുന്നതിന് രഹസ്യാന്വേഷണ വിഭാഗം നിര്‍ദേശിച്ചുവെന്നായിരുന്നു കത്ത്. മോഷണം, വ്യാജരേഖ ചമയ്ക്കല്‍, വിശ്വാസ വഞ്ചന, ഔദ്യോഗിക പദവി ദുരുപയോഗം തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കുന്നതിന് എത്തിച്ച ബിജുവിന്റെ ചിത്രം മാധ്യമപ്രവര്‍ത്തകര്‍ എടുക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. ബിജുവിന്റെ മുഖം മറച്ചാണ് പോലീസ് മജിസ്‌ട്രേറ്റിന്റെ വീടിനുള്ളിലേക്ക് കൊണ്ടുപോയത്.

തീവ്രവാദ ബന്ധം ആരോപിച്ച് മുസ്‌ലിം ലീഗുകാരും പത്രപ്രവര്‍ത്തകരുമടക്കം 268 പേരുടെ ഇ-മെയിലുകള്‍ ചോര്‍ത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം കത്ത് നല്‍കിയതായി വാര്‍ത്ത വന്നിരുന്നു. രഹസ്യാന്വേഷണ വിഭാഗം ഹൈടെക് സെല്ലിനു നല്‍കിയ കത്താണ് പുറത്തായിരുന്നത്. രഹസ്യാന്വേഷണ വിഭാഗം നല്‍കിയ കത്ത് വ്യാജമാണെന്ന് ഇതേത്തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കണ്ടെത്തി. കത്ത് ബിജു സലീമിന്റെ സ്വന്തം കൈപ്പടയിലുള്ളതായിരുന്നു.

Malayalam news

Kerala news in English

Advertisement