Administrator
Administrator
എസ്.ഐക്ക് വെട്ടേറ്റു; ഉദ്യോഗസ്ഥയുടെ കരണത്തടിച്ചു
Administrator
Monday 25th October 2010 7:36pm

ആലപ്പുഴ: രണ്ടാം ഘട്ട വോട്ടിങ്ങിനിടെ ആലപ്പുഴ ജില്ലയില്‍ പലയിടത്തും സംഘര്‍ഷവും ആക്രമണവും. തകഴി തെന്നടിയില്‍ പോലീസുകാര്‍ക്ക് വെട്ടേറ്റു. സി.പി.ഐ.എം-ബി ജെ പി സംഘര്‍ഷത്തിനിടെയാണ് എസ് ഐ പശാന്ത് അടക്കം അഞ്ചുപേര്‍ക്ക് വെട്ടേറ്റത്.

ബൂത്തിലേക്ക വടിവാളുമായെത്തിയ യുവാവിനെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയും അവിടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ഇയാള്‍ രക്ഷപ്പെടുകയും ചെയ്തു. ഇവരെ പിന്തുടര്‍ന്ന പോലീസുകാര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇയാള്‍ ബി.ജെ.പി ബൂത്ത് ഓഫീസിലേക്ക് പോവുകയും പിന്നീട് ഇത് സി.പി.ഐ.എം- ബി.ജെ.പി സംഘര്‍ഷമായി മാറുകയും ചെയ്തു.

മാവേലിക്കര തഴക്കരയില്‍ എല്‍ ഡി എഫ്‌യു ഡി എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. കഞ്ഞിക്കുഴിയില്‍ വനിതാ പ്രിസൈഡിങ് ഓഫീസറുടെ കരണത്ത് അടിയേറ്റതായി പരാതിയുണ്ട്. കള്ളവോട്ട് തടഞ്ഞപ്പോള്‍ സി.പി.ഐ.എം പ്രവര്‍ത്തനാണ് ആക്രമിച്ചതെന്നാണ് പരാതി.

അതിനിടെ വോട്ടെടുപ്പിനിടെ ആലപ്പുഴ തകഴിയില്‍ നടന്ന അക്രമത്തില്‍ പോലീസിന് വീഴ്ച പറ്റിയെന്ന് മന്ത്രി ജി സുധാകരന്‍ ആരോപിച്ചു. പ്രശ്‌നത്തില്‍ ഡി.ജി.പി അന്വേഷണം നടത്തണം. ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മിഷണും ഡി.ജി.പിക്കും പരാതി നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

എറണാകുളം കുന്നൂങ്കര സംഘര്‍ഷത്തില്‍ റീപോളിങ് വേണമോയെന്ന കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രിസൈഡിങ് ഓഫീസറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വോട്ടിംഗ് യന്ത്രം തകരാറിലായതിനെത്തുടര്‍ന്ന് കോച്ചി കോര്‍പ്പറേഷന്‍ 20 വാര്‍ഡിലെ നാലാം ബൂത്തില്‍ നാളെ റീപ്പോളിംഗ് നടക്കും.

സംസ്ഥാനത്ത് രണ്ടാം ഘട്ട വോട്ടെടുപ്പ് നടന്ന ഏഴു ജില്ലകളിലും മികച്ച പോളിങ് ശതമാനമാണ് രേഖപ്പെടുത്തിയത്. ഇതുവരെ ലഭിച്ച കണക്കുപ്രകാരം 70 ശതമാനത്തിലധികമാണ് പോളിങ്. അന്തിമകണക്ക് ലഭ്യമാകുന്നതേയുള്ളൂ.

995 ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലാണ് ഇതുനുമുന്‍പ് കനത്ത പോളിംങ് രേഖപ്പെടുത്തിയത്. ഇടുക്കിയിലെ പീരുമേട്, ഇടമലക്കുടി എന്നിവിടങ്ങളില്‍ റെക്കോര്‍ഡ് പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

മലപ്പുറത്താണ് ഏറ്റവും ഉയര്‍ന്ന പോളിങ്-71 ശതമാനം. ആലപ്പുഴ, കോട്ടയം, പാലക്കാട്, ഇടുക്കി,എന്നീ ജില്ലകളില്‍ 70 ശതമാനം രേഖപ്പെടുത്തി. എറണാകുളത്ത് 68, തൃശ്ശൂര്‍ 69 എന്നിങ്ങനെയാണ് പോളിംഗ്. സംഘര്‍ഷം കാരണം വോട്ടെടുപ്പ് വീണ്ടും നടത്തേണ്ടിവന്ന കണ്ണൂരിലെ ഏഴ് ബൂത്തുകളിലും കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്.

പട്ടുവത്തും തില്ലങ്കേരിയിലും അക്രമമുണ്ടായി. പട്ടുവത്ത് ബോംബേറുണ്ടായി. അക്രമത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് തില്ലങ്കേരിയിലും പട്ടുവത്തും വോട്ടിങ് ബഹിഷ്‌കരിച്ചു. സി.പി.ഐ.എം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് ബഹിഷ്‌കരണം. കഴിഞ്ഞദിവസം സംഘര്‍ഷമുണ്ടായ ഇരിട്ടിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. 28 ന് രാവിലെ എട്ടുമണി വരെയാണ് നിരോധനാജ്ഞ.

തൃശ്ശൂര്‍ മാള കുഴിക്കാട്ടുശേരിയില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കെ.പി. സുകുമാരന്‍, മലപ്പുറം പൊന്‍മുണ്ടത്ത് താഴത്തേതില്‍ കുഞ്ഞുമുഹമ്മദ് മുസലിയാര്‍ എന്നിവര്‍ വോട്ടുചെയ്യാന്‍ ക്യൂ നില്‍ക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. തൃശ്ശൂര്‍ കടപ്പുറം 16 ാം വാര്‍ഡിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ മാറ്റി. വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് പേപ്പര്‍ നല്‍കിയെന്ന പരാതിയെ തുടര്‍ന്നാണിത്.

കോട്ടയം ജില്ലയില്‍ തലയോലപ്പറമ്പില്‍ കേരളാ കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥി കെ.എ അപ്പച്ചന്റെ വാഹനത്തിനുനേരെ കല്ലേറുണ്ടായി. കോഴിക്കോട് ജില്ലയിലെ വേളം ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ വാര്‍ഡുകളിലൊഴികെ സംസ്ഥാനത്ത് എല്ലായിടത്തും ഇതോടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി.

തിരുവനന്തപുരം നന്ദിയോട് പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ രണ്ടാം ബൂത്തില്‍ ബ്ലോക്ക് പഞ്ചായത്തിലേക്കും എറണാകുളത്ത് രണ്ട് ബൂത്തുകളിലും ചൊവ്വാഴ്ച്ച റീപോളിങ് നടക്കും. കൊച്ചി, തൃശൂര്‍ കോര്‍പ്പറേഷനുകളില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ പോളിങ് ശതമാനം വര്‍ധിച്ചിട്ടുണ്ട്.

Advertisement