കണ്ണൂര്‍: ഡോക്ടറും എഞ്ചിനീയറും ആവുന്നതു പോലെ കവിയാകാന്‍ ഇറങ്ങിപ്പുറപ്പെട്ടവര്‍ക്കു മാത്രമേ വിജയിയായ എഴുത്തുകാരനാവാന്‍ കഴിയൂ എന്ന് യുവ കവി ശ്യാം സുധാകര്‍.

‘ഒന്നോ രണ്ടോ നല്ല കവിത എഴുതാന്‍ ആര്‍ക്കും പറ്റിയേക്കാം. എന്നാല്‍ താന്‍ ഒരു കവിയാണെന്ന് ബോധ്യമുള്ള ഒരാള്‍ക്കേ എഴുത്തുകാരനായി ജീവിതത്തില്‍ തുടരാനാവൂ,’. ശ്യാം സുധാകര്‍ പറഞ്ഞു.

കൃഷ്ണ മേനോന്‍ സ്മാരക ഗവ.വനിതാ കോളേജിലെ മീഡിയാ ക്ലബിന്റെ ആഭിമുഖ്യത്തില്‍ കോളേജിലെ ജേര്‍ണലിസം വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ‘മീറ്റ് ദ പ്രസ്’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ശ്യാം സുധാകര്‍.

‘വിദേശ രാജ്യങ്ങളിലൊക്കെ കവിയരങ്ങുകളുടെ കെട്ടും മട്ടുമെല്ലാം മാറിക്കഴിഞ്ഞു. വേദികളില്‍ കവിക്കൊപ്പം സംഗീത ഉപകരണങ്ങളുമായി മറ്റു കലാകാരന്മാരും എത്തുന്നതാണ് പുതിയ പ്രവണത. പല രാജ്യങ്ങളിലും പെര്‍ഫോര്‍മന്‍സ് പോയട്രി നിരവധി പുതുമകള്‍ കൊണ്ടുവരുന്നുണ്ട്. സ്റ്റേജില്‍ കിടന്നു കൊണ്ട് കവിത വായിക്കുന്നതാണ് അതിലെ പുതു വഴി,’ ശ്യാം പറഞ്ഞു.

വി എച്ച് നിഷാദ് ശ്യാമിനെ സദസ്സിനു പരിചയപ്പെടുത്തി. നസൂഹ എം, മീര ആര്‍ യു, വര്‍ഷ പ്രമോദ്, തീര്‍ത്ഥ ഡാനി, അപര്‍ണ, അനുശ്രീ, സുഹാനാസ്മിന്‍, ആഷ്‌ന വിശ്വനാഥ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Malayalam news

Kerala news in English