എഡിറ്റര്‍
എഡിറ്റര്‍
ഗുജറാത്ത് തിരഞ്ഞെടുപ്പ്: മണിനഗറില്‍ മോഡിക്കെതിരെ ശ്വേതാ ഭട്ട് മത്സരിക്കും
എഡിറ്റര്‍
Friday 30th November 2012 9:41am

അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കെതിരെ സസ്‌പെന്റ് ചെയ്യപ്പെട്ട ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേതാ ഭട്ട് മത്സരിക്കും.

മോഡിയുടെ മണ്ഡലമായ മണിനഗറില്‍ കോണ്‍ഗ്രസ് ടിക്കറ്റിലാകും ശ്വേത പോരാട്ടത്തിനിറങ്ങുക. ഡിസംബര്‍ 13, 17 തിയതികളില്‍ രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്തില്‍ വോട്ടെടുപ്പ് നടത്തുക.

Ads By Google

2007 ലെ തിരഞ്ഞെടുപ്പില്‍ മണിനഗറില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ 75,000 മാര്‍ജിനില്‍ മോഡി തോല്‍പ്പിച്ചിരുന്നു. വന്‍ഭൂരിപക്ഷത്തിലാണ് അന്ന് മോഡി ജയിച്ചത്.

ഗുജറാത്തില്‍ മൂന്നാം തവണ വിജയം തേടിയിറങ്ങുന്ന മോഡിക്കെതിരെ നേരത്തെ തന്നെ ശ്വേതാഭട്ട് പ്രചരണ രംഗത്തുണ്ടായിരുന്നു.

ഗുജറാത്തില്‍ 2002ല്‍ നടന്ന കലാപം പടര്‍ന്നതില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് പങ്കുണ്ടെന്ന് സത്യവാങ്മൂലം നല്‍കിയതോടെയാണ് സഞ്ജീവ് ഭട്ടിനെതിരെ പ്രതികാര നടപടികള്‍ തുടങ്ങിയത്. ഇപ്പോള്‍ സര്‍വീസില്‍ നിന്ന് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.

ഗോധ്ര കലാപത്തില്‍ കുറ്റക്കാര്‍ക്കെതിരെയുള്ള പോലീസ് നടപടി മോഡി വൈകിപ്പിച്ചു എന്നായിരുന്നു സഞ്ജീവ് ഭട്ട് കോടതിയില്‍ വെളിപ്പെടുത്തിയിരുന്നത്.

കലാപകാരികള്‍ക്കെതിരെ നടപടിയെടുക്കേണ്ടെന്ന് മോഡി  മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരോട് മീറ്റിംഗില്‍ നിര്‍ദേശിച്ചിരുന്നു എന്ന് കാട്ടി നേരത്തെ സഞ്ജീവ് ഭട്ട് സുപ്രീകോടതിയില്‍ സത്യവാങ് മൂലവും നല്‍കിയിരുന്നു.

കലാപം നടന്ന സമയത്ത് ഗാന്ധിനഗറിലെ സ്‌റ്റേറ്റ് ഇന്റലിജന്‍സ് ബ്യൂറോയില്‍ ഡെപ്യൂട്ടി കമ്മീഷണറായിരുന്നു സഞ്ജീവ് ഭട്ട്. ഗോധ്രയില്‍ കാര്‍സേവകര്‍ സഞ്ചരിച്ചിരുന്ന തീവണ്ടി കത്തിച്ച സംഭവം നടന്ന ഫിബ്രവരി 27ന് വൈകിട്ട് ചേര്‍ന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തിരിച്ചടിക്കുന്ന ഹിന്ദുക്കള്‍ക്കെതിരെ നടപടിയെടുക്കരുതെന്ന് മുഖ്യമന്ത്രി നരേന്ദ്രമോഡി ആവശ്യപ്പെട്ടുവെന്നായിരുന്നു വെളിപ്പെടുത്തല്‍.

ഇതേ തുടര്‍ന്ന് ഭീഷണിപ്പെടുത്തി വ്യാജമൊഴി രേഖപ്പെടുത്തിയെന്ന ആരോപണത്തില്‍ അദ്ദേഹത്തെ അറസ്റ്റുചെയ്യുകയും പിന്നീട് സസ്‌പെന്‍ഡു ചെയ്യുകയും ചെയ്തു.

Advertisement