വാഷിംഗ്ടണ്‍: വൈദ്യശാസ്ത്രരംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് ലോകത്തിലെ ആദ്യ കൃത്രിമ കിഡ്‌നി നിര്‍മ്മിച്ചു. ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ശുവോ റോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൃത്രിമ കിഡ്‌നി നിര്‍മ്മിച്ചത്. ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് മാറ്റിവയ്ക്കാവുന്ന കിഡ്‌നി ‘ഡയാലിസിസ്’ പ്രക്രിയയില്‍ അനുകൂലഫലങ്ങള്‍ സൃഷ്ടിക്കുമെന്ന് സംഘം അവകാശപ്പെട്ടു.

നിരവധി പ്രത്യേകതകളുള്ള കിഡ്‌നിയാണ് ശുവോ റോയിയുടെ സംഘം നിര്‍മ്മിച്ചത്. രക്തത്തിലെ കീടാണുക്കളെ അരിച്ച് കളയുക,രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുക, വൈറ്റമിന്‍ ഡിയുടെ ഉല്‍പ്പാദനത്തിന് സഹായിക്കുക എന്നീ നിര്‍ണായക ധര്‍മ്മങ്ങള്‍ പുതിയ കിഡ്‌നി നിര്‍വ്വഹിക്കും.

നിലവില്‍ രക്തം അരിച്ചുകളയുന്ന പ്രക്രിയയായ ഡയാലിസിസ് കൂടുതല്‍ സമയമെടുക്കുന്നുണ്ട്. ഈ പ്രശ്‌നത്തിന് ഒരു പരിഹാരമായിരിക്കും കൃത്രിമ കിഡ്‌നിയെന്ന് ശുവോ റോയി ‘ ടെക്‌നോളജി റിവ്യൂ’ വിനോട് വ്യകക്തമാക്കി. മൃഗങ്ങളില്‍ ഇത്തരം കിഡ്‌നിയുടെ പരീക്ഷണം വിജയകരമായതിന തുടര്‍ന്ന് മനുഷ്യനിലേക്കും വ്യാപിപ്പിക്കാനൊരുങ്ങുകയാണ്.

രണ്ടു ഭാഗങ്ങളാണ് കൃത്രിമ കിഡ്‌നിക്കുണ്ടാവുക-രക്തത്തിലെ കീടാണുക്കളെ അരിച്ചു കളയുന്ന ഒരുഭാഗവും ഇങ്ങനെ അരിച്ചുകളയുന്ന വസ്തുക്കളെ ഒഴുക്കികളയുന്ന മറ്റൊരു ഭാഗവും- സൂക്ഷ്മമായ സിലിക്കണ്‍ പാളികള്‍ ഉപയോഗിച്ചാണ് കിഡ്‌നിയില്‍ ‘രക്ത ശുദ്ധീകരണം’ നടക്കുന്നത്. വൈദ്യശാസ്ത്രരംഗത്തെ വിദഗ്ധര്‍ പുതിയ കണ്ടുപിടുത്തത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.