കണ്ണൂര്‍: തളിപറമ്പിലെ ലീഗ് പ്രവര്‍ത്തകനായ അബ്ദുള്‍ ഷുക്കൂറിന്റെ കൊലപാതകം അന്വേഷിക്കുന്ന പോലീസ് സംഘത്തിനു മുന്നില്‍ സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ഹാജരായി മൊഴി നല്‍കി.

അഭിഭാഷകന്റെ സന്നിധ്യത്തില്‍ ഹാജരാകാന്‍ അനുവദിക്കണമെന്ന ജയരാജന്റെ ആവശ്യം പോലീസ് നിരാകരിച്ചിരുന്നെങ്കിലും ഇക്കാര്യം തന്നെ രേഖാമൂലം അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനൊപ്പമാണ് ജയരാജന്‍ മൊഴി നല്‍കാനായി എത്തിയത്. എന്നാല്‍ അഭിഭാഷകന്റെ സാന്നിധ്യം അന്വേഷണസംഘം അനുവദിച്ചില്ല.

Subscribe Us:

രാവിലെ 11 മണിയോടെയാണ് മൊഴി നല്‍കാനായി ജയരാജന്‍ കണ്ണൂര്‍ ഗസ്റ്റ് ഹൗസിലെത്തിയത്. മൊഴിയെടുക്കല്‍ പൂര്‍ത്തിയായ ശേഷം പുറത്തിറങ്ങിയ ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. കൂടുതലൊന്നും പറയാനില്ലെന്ന് മാത്രമായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ജയരാജന്റെ മറുപടി.

പി. ജയരാജനും ടി.വി. രാജേഷ് എം,എല്‍,എയും സഞ്ചരിച്ച വാഹനം തളിപറമ്പ് അരിയിലില്‍ വെച്ച് ആക്രമിക്കപ്പെട്ട് മണിക്കൂറുകള്‍ക്കകമാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്. സി.പി.ഐ.എം നേതാക്കളെ ലീഗ് പ്രവര്‍ത്തകന്‍ ആക്രമിച്ചതിന്റെ പ്രതികാരമാണ് കൊലയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

ചോദ്യം ചെയ്യുന്നില്ലെന്നും വിളിപ്പിച്ചത് മൊഴിയെടുക്കാനാണെന്നും പൊലീസ് വ്യക്തമാക്കി. മൊഴിയെടുക്കുമ്പോള്‍ അഭിഭാഷകനെ അനുവദിക്കുന്ന പതിവില്ലെന്ന കീഴ്‌വഴക്കമാണ് പൊലീസ് സ്വീകരിച്ചത്. പി. ജയരാജന്റെ മൊഴിയനുസരിച്ച് പൊലീസ് എന്തു തുടര്‍നടപടികള്‍ സ്വീകരിക്കുന്നുവെന്നത് വ്യക്തമല്ല.

എന്നാല്‍ സര്‍ക്കാര്‍ കെട്ടിച്ചമച്ച കഥയാണ് ഷുക്കൂര്‍ വധക്കേസില്‍ ഉള്ളതെന്നും എന്തുതന്നെയായാലും അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും ജയരാജന്‍ അറിയിച്ചു. അഭിഭാഷകനെ കൂടെക്കൂട്ടരുതെന്ന് പോലീസ് അറിയിച്ചിട്ടില്ലെന്നാണ് ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞത്.