കണ്ണൂര്‍: മുസ്‌ലീം ലീഗ് പ്രവര്‍ത്തകന്‍ അബ്ദുള്‍ ഷുക്കൂര്‍ വധക്കേസില്‍ വിചാരണ ഏപ്രില്‍ ആറിലേയ്ക്ക് മാറ്റി. വിചാരണയുമായി ബന്ധപ്പെട്ട് പ്രാരംഭ നടപടികളാണ് നടക്കേണ്ടിയിരുന്നത്.

Ads By Google

കേസിലെ 33 പ്രതികളില്‍ 15 പേരാണ് ഇന്ന് തലശേരി സെഷന്‍സ് കോടതിയില്‍ ഹാജരായത്. പി. ജയരാജന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ ഹാജരായി. പ്രതിപ്പട്ടികയിലുള്ള ടി.വി. രാജേഷ് എംഎല്‍എ എത്തിയില്ല. പി. ജയരാജന്‍ അടക്കമുള്ള 15 പേര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു.

അതേസമയം, ടി.വി. രാജേഷ് എംഎല്‍എയ്ക്കു സമന്‍സ് അയച്ചിട്ടില്ല. സ്പീക്കര്‍ മുഖാന്തരം ആയിരിക്കും രാജേഷിനു സമന്‍സ് അയക്കുകയെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു.

അതേസമയം ഷുക്കൂറിനെ വധിച്ച കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ഷുക്കൂറിന്റെ കുടുംബം ആവശ്യപ്പെട്ടു. സി.പി.ഐ.എം നേതാവ് പി. ജയരാജനു കേസില്‍ പങ്കുണ്ടെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നത്.

ജയരാജന്റെ പങ്ക് വ്യക്തമാകണമെങ്കില്‍ സി.ബി.ഐ അന്വേഷണം തന്നെ വേണം. പോലീസ് അന്വേഷണത്തില്‍ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട്. സി.ബി.ഐ അന്വേഷണമില്ലെങ്കില്‍ കേസില്‍ സാക്ഷികള്‍ വധിക്കപ്പെടുകയോ മൊഴിമാറ്റുകയോ ചെയ്യുമെന്ന് ആശങ്കയുണ്ടെന്ന് ഷുക്കൂറിന്റെ അമ്മ പറഞ്ഞു.

മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന തളിപ്പറമ്പ് പട്ടുവം അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ 2012 ഫെബ്രുവരി 20നാണു കൊല്ലപ്പെട്ടത്. പി. ജയരാജനും ടി.വി. രാജേഷും സഞ്ചരിച്ച വാഹനം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചതിന് തിരിച്ചടിയായി ഷുക്കൂറിനെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ച് നേതാക്കളുടെ നിര്‍ദേശ പ്രകാരം കൊലപ്പെടുത്തിയെന്നാണ് കേസ്.