കണ്ണൂര്‍: മുസ്‌ലിംലീഗ് പ്രവര്‍ത്തകന്‍ പട്ടുവം അരിയിലിലെ അബ്ദുള്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷികളുടെ മൊഴിമാറ്റം അന്വേഷിക്കണമെന്ന് കേന്ദ്രമന്ത്രി കെ.സി വേണുഗോപാല്‍. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി വേണുഗോപാല്‍.

Ads By Google

പ്രധാന സാക്ഷികളും യൂത്ത് ലീഗ് പ്രവര്‍ത്തകരുമായ അള്ളാംകുളത്തെ പുതിയപുരയില്‍ മുഹമ്മദ് സാബിര്‍, കപ്പാലം പഴയപുരയില്‍ അബു എന്നിവരായിരുന്നു കഴിഞ്ഞ ദിവസം മൊഴി മാറ്റിപ്പറഞ്ഞത്.

ഇരുവരും മൊഴിമാറ്റാനിടയായ സാഹചര്യത്തെക്കുറിച്ചു സര്‍ക്കാര്‍ വ്യക്തമായ അന്വേഷണം നടത്തണമെന്നും സര്‍ക്കാര്‍ ഈ വിഷയത്തെ ഗൗരവത്തോടെ സമീപിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഷൂക്കൂര്‍ വധക്കേസില്‍ മികച്ച രീതിയിലുള്ള അന്വേഷണമായിരുന്നു നടന്നത്. രാഷ്ട്രീയ അക്രമക്കേസുകളില്‍ സാക്ഷികള്‍ ഇത്തരത്തില്‍ മൊഴി മാറ്റുന്നതു നിസാര കാര്യമല്ല. ഇതിന് പിന്നിലുണ്ടായ സമ്മര്‍ദ്ദത്തെക്കുറിച്ച് വ്യക്തമായ അന്വേഷണം നടക്കണം.

ഭാവിയില്‍ രാഷ്ട്രീയ അതിക്രമങ്ങള്‍ തടയുന്നതിന് ഇത്തരം സംഭവങ്ങള്‍ തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു.

ഷൂക്കൂര്‍ വധത്തില്‍ സാക്ഷിമൊഴി മാറ്റിയത് സമ്മര്‍ദ്ദം മൂലമാണെന്ന് കേസിലെ പ്രധാന സാക്ഷി പി.പി അബു. സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനും ടി.വി രാജേഷിനുമെതിരായ മൊഴിയില്‍ ഉറച്ച് നില്‍ക്കുന്നതായും അബു പറഞ്ഞു.

കഴിഞ്ഞ ദിവസം ഷുക്കൂര്‍ വധക്കേസില്‍ നേരത്തേ പോലീസിന് നല്‍കിയ മൊഴിയില്‍ വ്യത്യസ്തമായ നിലപടായിരുന്നു അബു കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സ്വീകരിച്ചിരുന്നത്.

എന്നാല്‍ ഇത് തന്നെ ഭീഷണിപ്പെടുത്തിയും സമ്മര്‍ദ്ദത്തിലാക്കിയുമാണ് ചെയ്യിപ്പിച്ചതെന്നാണ് അബു പറയുന്നത്. കേസില്‍ പോലീസിന് നല്‍കിയ മൊഴിയില്‍ ഉറച്ച് നില്‍ക്കുന്നു. വിചാരണ വേളയില്‍ ഈ മൊഴിയില്‍ തന്നെ ഉറച്ച് നില്‍ക്കുമെന്നും അബു പറഞ്ഞു.

അതേസമയം സൂര്യനെല്ലി പെണ്‍കുട്ടിയുടെ കാര്യത്തില്‍ കെ. സുധാകരന്‍ എം.പിയുടെ പ്രസ്താവനയെക്കുറിച്ച് പ്രതികരിക്കാന്‍ മന്ത്രി തയ്യാറായില്ല.

എം.പിയുടെ വിവാദപരമാര്‍ശമുള്ള വാര്‍ത്താസമ്മേളനം തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ഇനി അദ്ദേഹം എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ സാഹചര്യം എന്താണെന്നറിയാതെ പ്രതികരിക്കാനാവില്ലെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.