കണ്ണൂര്‍: നാലു ദിവസമായി നിരാഹാര സമരം നടത്തുന്ന കോണ്‍ഗ്രസ് നേതാവു കെ.സുധാകരന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്കു മാറ്റണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ കലക്ടര്‍ക്കു റിപ്പോര്‍ട്ട് നല്‍കി. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബ് കൊല്ലപ്പെട്ട കേസിലെ യഥാര്‍ഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ടായിരുന്നു നിരാഹാര സമരം.

സര്‍ക്കാര്‍ മെഡിക്കല്‍ സംഘത്തിന്റെ പരിശോധനയ്ക്കു ഇന്നലെ സുധാകരന്‍ സമ്മതിച്ചിരുന്നില്ല. ഭക്ഷണം കഴിക്കാത്തതിന്റെ ആരോഗ്യ പ്രശ്നങ്ങള്‍ സുധാകരനില്‍ കാണാനുണ്ടെന്നും ആശുപത്രിയിലേക്കു നീക്കണമെന്നുമാണു ഇന്നു സുധാകരനെ പരിശോധിച്ച മെഡിക്കല്‍ സംഘം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കു നല്‍കിയ റിപ്പോര്‍ട്ട്.

ഈ മാസം 19-നാണു ഷുഹൈബ് വധക്കേയിലെ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കലക്ടറേറ്റിനു മുന്‍പില്‍ കെ.സുധാകരന്‍ നിരാഹാര സമരം തുടങ്ങിയത്. ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം നടത്താമെന്നു സര്‍ക്കാര്‍ രേഖാമൂലം അറിയിക്കുന്നതു വരെ സമരം തുടരുമെന്നാണ് അറിയിച്ചിട്ടുള്ളത്.