തിരുവനന്തപുരം: നാളെ പി.എസ്.സി പരീക്ഷയാണ് അതുകൊണ്ട് പരീക്ഷ നടക്കുന്ന സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുന്നത് കണ്ടിട്ടുണ്ടാകാം. എന്നാലിവിടെയിതാ പി.എസ്.സി പരീക്ഷ കാരണം ഒരു കട അടച്ചിടുകയാണ്.

പി.എസ്.സി പരീക്ഷയോട് അനുബന്ധിച്ച് കടയടച്ചിട്ട് തലസ്ഥാനത്തെ പ്രമുഖ പെയ്ന്റ് കട. തലസ്ഥാനത്തെ പ്രമുഖ പെയ്ന്റ് കടയായ ശാന്ത പെയ്ന്റ് ഹൗസാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കാരണം എന്താണെന്നോ? ശാന്ത പെയ്ന്റ് ഹൗസിലെ 59 ല്‍ 31 ജീവനക്കാരും നാളെ പി.എസ്.സി പരീക്ഷ എഴുതുന്നവരാണ്. ജീവനക്കാരൊക്കെ നാളെ പരീക്ഷയ്ക്ക് പോകുന്നതിലാണ് കടയ്ക്ക് അവധി നല്‍കിയിരിക്കുന്നത്.


Also Read: ‘എന്തിനാണ് ഫേസ്ബുക്ക് പോസ്റ്റുകള്‍ക്കൊപ്പം സ്വന്തം ചിത്രം പോസ്റ്റു ചെയ്യുന്നത്? പാട്ടില്‍ നായികമാര്‍ക്ക് ഫുള്‍ ഡ്രസ് നല്‍കിക്കൂടെ?’; വിമര്‍ശകരുടെ ചോദ്യങ്ങള്‍ക്ക് കിടിലന്‍ മറുപടികളുമായി സന്തേഷ് പണ്ഡിറ്റ്


നാളെയാണ് പി.എസ്.സി നടത്തുന്ന ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് പരീക്ഷ. ശാന്ത പെയ്ന്റ് ഹൗസിലെ 59 ജീവനക്കാരില്‍ 39 പേരും നാളെ പരീക്ഷ എഴുതുന്നുണ്ട്. ഈ സാഹചര്യത്തില്‍ 17-06-2017ന് കട തുറന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല-പരസ്യവാചകം ഇങ്ങനെ പോകുന്നു.

സര്‍ക്കാര്‍ ഉദ്യോഗത്തിന് ശ്രമിക്കുന്നവരുടെ സന്തോഷത്തിനായി താങ്കള്‍ക്കുണ്ടാകുന്ന അസൗകര്യം സദയം ക്ഷമിക്കുമല്ലോയെന്നും തങ്ങളുടെ ഇടപാടുകാരോട് ശാന്ത പെയ്ന്റ് ഹൗസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. തിരുവനന്തപുരം പുളിമൂട് ജി.പി.ഒ ജംഗ്ഷനില്‍ സ്ഥിതി ചെയ്യുന്ന ശാന്ത പെയ്ന്റ് ഹൗസ് മുന്‍വര്‍ഷങ്ങളിലും പി.എസ്.സി പരീക്ഷ എഴുതുന്ന ജീവനക്കാര്‍ക്ക് വേണ്ടി കടയ്ക്ക് അവധി നല്‍കിയിട്ടുണ്ട്.