തിരുവനന്തപുരം: വിവാദ പ്രസ്താവനകളുടെ പേരില്‍ കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് പി.രാമകൃഷ്ണന് കെ.പി.സി.സി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചു. ഇന്നുതന്നെ നോട്ടീസ് അയച്ച് വിശദീകരണം തേടാനാണ് കെ.പി.സി.സിയുടെ തീരുമാനം.

കണ്ണൂരില്‍ ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കെ.സുധാകരന്‍ എം.പിക്കെതിരെ നടത്തിയ പരസ്യപ്രസ്താവനകളുടെ പേരിലാണ് നോട്ടീസ്. കണ്ണൂരില്‍ രക്തസാക്ഷികളെ സൃഷ്ടിച്ചത് കോണ്‍ഗ്രസിനുവേണ്ടിയല്ലെന്നും കെ. സുധാകരന് വേണ്ടിയാണെന്നുമാണ് രാമകൃഷ്ണന്‍ പറഞ്ഞത്. എ.കെ.ജി ആശുപത്രി പിടിച്ചെടുക്കല്‍ സമരവും കൂത്തുപറമ്പ് വെടിവെയ്പും നഷ്ടമുണ്ടാക്കിയത് കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും പ്രവര്‍ത്തകര്‍ക്കുമാണെന്നായിരുന്നു രാമകൃഷ്ണന്റെ പരാമര്‍ശം.

Subscribe Us:

പി. രാമകൃഷ്ണനെതിരെ സി.എം.പി നേതൃയോഗത്തിലും ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്നിട്ടുള്ളത്. രാമകൃഷ്ണന് ചിത്തഭ്രമമാണെന്ന് സി.എം.പി കുറ്റപ്പെടുത്തി.

ഗ്രൂപ്പ് പോര് രൂക്ഷമാക്കുന്ന തരത്തിലുള്ള രാമകൃഷ്ണന്റെ പ്രസ്താവന കോണ്‍ഗ്രസ് നേതൃത്വത്തിന് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. വിവാദ പ്രസ്താവന ഗൗരവത്തോടെയാണ് കെ.പി.സി.സി നേതൃത്വം എടുത്തിരിക്കുന്നത്.