Categories

ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക നിയമത്തിന് ശൂറ കൗണ്‍സിലിന്റെ അംഗീകാരം

shoura-saudi1
റിയാദ്: സൗദിയില്‍ ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനായുള്ള പ്രത്യേക നിയമത്തിന് ശൂറകൗണ്‍സിലിന്റെ അംഗീകാരം. ബുധനാഴ്ചയാണ് കൗണ്‍സില്‍ അംഗീകാരം നല്‍കിയത്.

ആരോഗ്യം, വിദ്യാഭ്യാസം, ജോലി, കായികം, സംസ്‌കാരം, ശാസ്ത്രം തുടങ്ങിയ എല്ലാ മേഖലകളിലും ഭിന്നശേഷിക്കാര്‍ക്ക് അവകാശങ്ങള്‍ ഉറപ്പുവരുത്തും. ഭിന്നശേഷിക്കാരുടെ കാര്യങ്ങള്‍ പരിഗണിക്കുന്നതിനായും ശ്രദ്ധിക്കുന്നതിനായും സ്വതന്ത്രമായ സാമ്പത്തിക-ഭരണ അധികാരമുള്ള ഒരു പൊതു സമിതിയെ ഗവണ്‍മെന്റ് നിയോഗിക്കുമെന്ന് ശൂറ കൗണ്‍സില്‍ അസിസ്റ്റന്റ് പ്രസിഡണ്ട് യാഹ അല്‍-സമാന്‍  പറഞ്ഞു. ഡെപ്യൂട്ടി പ്രസിഡണ്ട് മുഹമ്മദ് അല്‍ ജാഫിരി സഭയില്‍ അധ്യക്ഷത വഹിച്ചു.

സാമ്പത്തികമായും മറ്റ് പരിപാടികളിലൂടെയും ഭിന്നശേഷിക്കാര്‍ക്ക് പിന്തുണയും പ്രചോദനവും നല്‍കാന്‍ കഴിയുന്ന വ്യക്തികളെയും സംഘടനകളെയും കണ്ടെത്തുക എന്നതും പൊതുസമിതിയുടെ ഉത്തരവാദിത്വമാണ്. ഭിന്നശേഷിക്കാര്‍ക്കും ആശ്രിതര്‍ക്കും മിതമായ നിരക്കില്‍ യാത്രാസൗകര്യം ഏര്‍പ്പെടുത്തുവാനും പൊതുസമിതി ശ്രദ്ധിക്കേണ്ടതാണ്.

സാമൂഹിക,ഗാര്‍ഹിക, യുവജനകാര്യ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സമര്‍പ്പണത്തിനു ശേഷമാണ് നിയമത്തിന് അംഗീകാരം നല്‍കിയതെന്ന് അല്‍-സമാന്‍ പറഞ്ഞു. കൗണ്‍സില്‍ അംഗങ്ങളുടെ ഭിന്നശേഷിക്കാര്‍ക്കുള്ള ഡ്രാഫ്റ്റ് നിയമത്തിലെ അഭിപ്രായങ്ങള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും അനുസൃതമായാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

Tagged with: |