എഡിറ്റര്‍
എഡിറ്റര്‍
കാവലില്ലാത്ത മുഴുവന്‍ എ.ടി.എമ്മുകളും അടച്ചിടാന്‍ കര്‍ണാടക സര്‍ക്കാര്‍ നിര്‍ദ്ദേശം
എഡിറ്റര്‍
Wednesday 20th November 2013 4:30pm

banguluru-atm

ബാംഗളൂര്‍: സെക്യൂരിറ്റി കാവല്‍ ഇല്ലാത്ത സംസ്ഥാനത്തെ മുഴുവന്‍ എടിഎമ്മുകളും അടച്ചിടാന്‍ കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിട്ടു. കഴിഞ്ഞ ദിവസം ബാംഗളൂരിലെ  കാവലില്ലാത്ത എ.ടി.എം കൗണ്ടറില്‍ വച്ച് മലയാളിയായ യുവതി ക്രൂരമായി ആക്രമിക്കപ്പെട്ടിരുന്നു.

ഉല്‍സൂര്‍ ഗേറ്റ് പോലീസ് സ്റ്റേഷനു സമീപമുളള എല്‍ഐസി ഓഫിസിലെ എടിഎം കൗണ്ടറില്‍ വെച്ചാണ് മലയാളിയായ ബാങ്ക് മാനേജര്‍ ജ്യോതി ഉദയ്(37) ആക്രമിക്കപ്പെട്ടത്.  ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കര്‍ണാടക സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയത്.

ചൊവ്വാഴ്ച രാവിലെ 7.10 ഓടെ അജ്ഞാതനായ അക്രമി എടിഎമ്മിനുളളില്‍ കടന്ന് ജ്യോതിയെ ആക്രമിക്കുകയായിരുന്നു. ഇവര്‍ പണമെടുക്കാനായി കയറിയ ഉടന്‍ തന്നെ ആയുധധാരിയായ അക്രമി ഷട്ടറടച്ചിതു ശേഷം പണമെടുക്കാന്‍ ആവശ്യപ്പെട്ടു.

യുവതി എതിര്‍ത്തതോടെയാണ് മാരകമായി വെട്ടിപ്പരിക്കേല്‍പിച്ചത്. യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം അക്രമി പുറത്തിറങ്ങി ഷട്ടര്‍ താഴ്ത്തി രക്ഷപെടുകയും ചെയ്തു.
സെക്യൂരിറ്റി ഗാര്‍ഡിനെ നിയമിക്കാത്ത ഈ എ.ടി.എമ്മും പരിസരവും ശ്രദ്ധിച്ചിരുന്നത് സമീപത്തെ എല്‍ഐസി ഓഫീസിലെ സെക്യൂരിറ്റി ഗാര്‍ഡുകളായിരുന്നു.

ഇവര്‍ക്ക് രാവിലെ 10 മണി മുതലാണ് ഡ്യൂട്ടി തുടങ്ങുന്നത്. എ.ടി.എം കൗണ്ടറിന് പുറത്ത് ചോരപ്പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വെട്ടേറ്റ് അവശനിലയിലായ ജ്യോതിയെ കണ്ടെത്തിയത്.

സംഭവം നടന്ന് മണിക്കൂറുകള്‍ക്കു ശേഷം ഇതുവഴി സ്‌കൂളില്‍ പോയ കുട്ടികളാണ് എടിഎം കൗണ്ടറിനുള്ളില്‍ നിന്ന് രക്തമൊഴുകുന്നതു കണ്ട് ആളുകളോട് വിവരം പറഞ്ഞത്. പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജ്യോതിയുടെ നില ഗുരുതരമായി തുടരുകയാണ്.

ജ്യോതിയുടെ വലതു വശം തളര്‍ന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. തലയ്ക്ക് മാരകമായി വെട്ടേറ്റത് കാരണം യുവതിയുടെ തലയോട്ടി തകര്‍ന്നിരുന്നു. ഇത് തലച്ചോറിലും മുറിവേല്‍പ്പിച്ചിരുന്നു. ഇതാണ് ജ്യോതിയുടെ ശരീരം തളരാന്‍ ഇടയാക്കിയത്.

Advertisement