എഡിറ്റര്‍
എഡിറ്റര്‍
സേനയ്ക്ക് ആയുധങ്ങളില്ലെന്നത് ഊഹാപോഹം: എ.കെ ആന്റണി
എഡിറ്റര്‍
Tuesday 10th April 2012 1:19pm

ന്യൂദല്‍ഹി: ഇന്ത്യന്‍ സേനയ്ക്ക് ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും കുറവുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വെറും ഊഹാപോഹം മാത്രമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ.ആന്റണി. ഏത് സാഹചര്യവും നേരിടാന്‍ ഇന്ത്യന്‍ സേന സര്‍വ സജ്ജമാണെന്നും വ്യോമസേനയുടെ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം പറഞ്ഞു.

‘നാല് ദിവസത്തേക്കുള്ള ആയുധങ്ങള്‍ മാത്രമാണ് ഇന്ത്യന്‍ സേനയുടെ കൈവശമുള്ളത് എന്നത് ഊഹാപോഹം മാത്രമാണ്. സേന സുസജ്ജമാണ്’  ആന്റണി പറഞ്ഞു.

സേനയ്ക്ക് ആയുധങ്ങളുടെ കുറവ് വരാറുണ്ട്. എന്നാല്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇന്ത്യന്‍ സേനയുടെ ആയുധങ്ങളുടെ സ്ഥിതി ശക്തമാണ്. സൈന്യത്തിന്റെ ആവശ്യങ്ങളില്‍ നൂറു ശതമാനവും നിറവേറ്റാനാവില്ലെന്നും എന്നാല്‍ ഇപ്പോള്‍ ആയുധങ്ങള്‍ക്ക് ക്ഷാമമില്ലെന്നും ആന്റണി പറഞ്ഞു. സൈന്യമൊന്നാകെ മുന്‍നിരയില്‍ അല്ല. പലയിടത്തായി വ്യാപിച്ചു കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സൈന്യത്തിന്റെ മൂന്ന് വിഭാഗങ്ങള്‍ക്കും ആയുധങ്ങളുടെ അഭാവം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി കരസേനാ മേധാവി ജനറല്‍ വി.കെ.സിംഗ് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതേക്കുറിച്ച് വിശദീകരിക്കാന്‍ പാര്‍ലമെന്ററി കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകാന്‍ മൂന്ന് സൈനിക മേധാവികളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Advertisement