റിയോഡി ജനീറോ: 12സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ വെടിവെച്ചുകൊന്നശേഷം യുവാവ് ആത്മഹത്യ ചെയ്തു. റിയോജി ജനീറോയിലെ പ്രൈമറി സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥി വെല്ലിംഗ്ടണ്‍ മെനേസസ് ഡി ഒലിവേറയാണ് സ്‌കൂളിലെത്തി വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തത്.

ഗുരുതരമായി പരിക്കേറ്റ മറ്റ് 18പേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. രണ്ട് റിവോള്‍വറുമായി ഒലിവേറ സ്‌കൂളിലേക്ക് കുതിച്ചെത്തുകയും വെടിവെക്കുകയുമാണ് ഉണ്ടായത്. കൊല്ലപ്പെട്ടവരിലധികവും പെണ്‍കുട്ടികളാണെന്ന് പോലീസ് അറിയിച്ചു.

പരിക്കേറ്റ നാലുപേരുടെ നില അതീവഗുരുതരമായി തുടരുകയാണ്. സ്‌കൂളിലെ വെടിവെപ്പുവിവരം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയെങ്കിലും ഒലിവേറ തലയ്ക്ക് വെടിയുതിര്‍ത്ത് മരിക്കുകയായിരുന്നു.