ബോളിവുഡ് ചരിത്രത്തിലെ എക്കാലത്തെയും ഹിറ്റെന്ന് വിളിക്കാവുന്ന ചിത്രമാണ് ഷോലെ. അമിതാബച്ചന് സിനിമാലോകത്തെ ബോളിവുഡിന്റെ ബിഗ്ബിയാക്കിയത് ഷോലെയാണെന്ന് വേണമെങ്കില്‍ പറയാം. എന്നാല്‍ ഈ ക്ലാസിക് ചിത്രത്തിന്റെ എഡിറ്റര്‍ ധാരാവിയിലെ ചേരിയില്‍ ദുരിത ജീവിതം നയിക്കുകയാണ്. ഷോലെ, സാഗര്‍, സീത തുടങ്ങി നൂറിലധികം ചിത്രങ്ങള്‍ക്ക് എഡിറ്റിങ് ജോലി നിര്‍വഹിച്ച എം.എസ് ഷിന്‍ഡേയ്ക്കാണ് ഈ ദുരവസ്ഥ.

പരേലിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. എന്നാല്‍ ആ വീട് തകര്‍ന്നുപോയതോടെ ധാരാവിയിലെ പി.എം.ജി കോളനിയിലേക്ക് താമസം മാറ്റുകയായിരുന്നു. 81കാരനായ ഷിന്‍ഡേയ്ക്ക് അടുത്തിടെ കാലില്‍ ഒരു ശസ്ത്രക്രിയ നടത്തിയിരുന്നു. ബോളിവുഡിലെ ഷിന്‍ഡേയുടെ നേട്ടങ്ങള്‍ അദ്ദേഹത്തിന് സാമ്പത്തികമായി സഹായമായിരുന്നില്ല. ഒരു സിനിമയ്ക്ക് രണ്ടായിരം രൂപ എന്ന നിലയിലാണ് ഷിന്‍ഡേ എഡിറ്റിംഗ് ജോലികള്‍ നിര്‍വഹിച്ച് നല്‍കിയിരുന്നത്.

സിനിമയിലൂടെ ഷിന്‍ഡേ സ്വരൂപിച്ച തുച്ഛമായ പണം രണ്ടുപെണ്‍മക്കളുടെ വിവാഹത്തിന് ചിലവഴിച്ചു. പിന്നീട് 2006ല്‍ കാന്‍സര്‍ വന്ന് മരിച്ചുപോയ ഭാര്യയുടെ ചികിത്സയ്ക്കും. ഇപ്പോള്‍ കൂടെയുള്ള മകള്‍ അച്‌ല ജ്യൂസും കേക്കുകളും മറ്റും ഉണ്ടാക്കി വിറ്റാണ് ഇപ്പോള്‍ പിതാവിനെ നോക്കുന്നത്.

ഷോലെയുടെ മുപ്പത്തഞ്ചാം വാര്‍ഷികത്തിലാണ് ഷിന്‍ഡേയും മകള്‍ അച്‌ലയും ഈ കുടിലില്‍ കഴിയുന്നത് എന്നത് യാദൃശ്ചികം.