ന്യൂദല്‍ഹി: സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് കളി ജയിപ്പിക്കാനുള്ള കഴിവില്ലെന്നും തന്നേ പേടിച്ചിരുന്നെന്നും ആത്മകഥയില്‍ പരാമര്‍ശിച്ച വിവാദ ഫാസ്റ്റ് ബോളര്‍ ഷൊയിബ് അക്തര്‍ തന്റെ പരാമര്‍ശത്തില്‍ നിന്നും പിന്മാറുന്നു. ‘സച്ചിന് എന്നെ പേടിയാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. അതൊരു പ്രത്യേക സന്ദര്‍ഭത്തെ ഓര്‍ത്തു പറഞ്ഞതാണ്. ചില സമയം കളിക്കാരെ അസ്വസ്ഥരായി കാണാറുണ്ട്. ഞാന്‍ തന്നേ പലപ്പോഴും അത് കണ്ടിട്ടുണ്ട്’ അക്തര്‍ കൂട്ടിച്ചേര്‍ത്തു.

വെള്ളിയാഴ്ച നടന്ന ഒരു ചടങ്ങില്‍ ‘കോണ്‍ട്രവേര്‍ഷ്യലി യുവേര്‍സ്’ എന്ന ഇതിനകം തന്നേ വിവാദമായ തന്റെ ആത്മകഥ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അക്തര്‍.

സച്ചിനെ നന്നായി പ്രശംസിച്ചു സംസാരിച്ച അക്തര്‍ ‘കുറേ വര്‍ഷങ്ങളായി അദ്ദേഹം നല്ല കളിയാണ്. അദ്ദേഹം ഒരു വലിയ ബാറ്റ്‌സ്മാന്‍ ആണ്. എങ്ങനെയാണ് എന്നെ സച്ചിനുമായി താരതമ്യപ്പെടുത്തുക’

‘രാഹുല്‍ ദ്രാവിഡ് ഒരു കളി വിജയിപ്പിക്കാന്‍ കഴിവുള്ളവനല്ല’ എന്ന പരാമര്‍ശവും അക്തര്‍ മയപ്പെടുത്തി. ‘അതും ഒരു സന്ദര്‍ഭത്തെ ഓര്‍ത്തു പറഞ്ഞതാണ്. ടെസ്റ്റ് മത്സരങ്ങളില്‍ എപ്പോഴും ദ്രാവിഡ് ബൗളര്‍മാരുടെ പേടിസ്വപ്നമായിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം ഏകദിനത്തിലേക്ക് കളി മാറ്റുകയായിരുന്നു. അതുദ്ദേശിച്ചു പറഞ്ഞതാണ്’

പാക്കിസ്ഥാന്‍ കളിക്കാര്‍ ഡ്രെസിംഗ് റൂമില്‍ തമ്മില്‍ തല്ലാറുണ്ടായിരുന്നുവെന്ന പരാമര്‍ശത്തെപ്പറ്റി അക്തര്‍ അധികം പ്രതികരിച്ചില്ല. ‘ഞങ്ങള്‍ ഡ്രെസിംഗ് റൂമിലേ തമ്മില്‍ തല്ലാറുള്ളൂ, പക്ഷെ നിങ്ങളുടെ ഹര്‍ഭജന്‍ സിംഗ് പരസ്യമായാണ് ആരെയോ തല്ലിയത്’ ഹര്‍ഭജന്‍ ശ്രീശാന്തിനെ തല്ലിയ സന്ദര്‍ഭം ഓര്‍ത്തു അക്തര്‍ പറഞ്ഞു.
ബ്രയന്‍ ലാറയാണ് താന്‍ ബൌള്‍ ചെയ്ത ഏറ്റവും നല്ല ബാറ്‌സ്മാന്‍ എന്നും അക്തര്‍ കൂട്ടിച്ചേര്‍ത്തു.