ഇസ്‌ലാമബാദ്: മുന്‍ പാകിസ്താന്‍ പ്രസിഡന്റ് പര്‍വേശ് മുഷ്‌റഫിന് നേര്‍ക്ക് ചെരുപ്പേറ്. ലണ്ടനിലെ ഒരു യോഗത്തില്‍ പങ്കെടുക്കവെയാണ് ചെരുപ്പേറുണ്ടായത്. ചെരിപ്പ് ദേഹത്ത് കൊണ്ടില്ല. വാല്‍ത്താംസ്‌റ്റോവില്‍ യോഗത്തില്‍ മുഷ്‌റഫ് സംസാരിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്.

മുഷ്‌റഫ് പ്രസംഗം തുടങ്ങി അഞ്ച് മിനിറ്റിന് ശേഷം ജനക്കൂട്ടത്തിനിടയില്‍ നിന്ന് ഒരാള്‍ മുഷ്‌റഫ് ഇരുന്ന വേദിയിലേക്ക് ഷൂ എറിയുകയായിരുന്നു. എന്നാല്‍ ഏറിന് ശക്തി കുറവായിരുന്നു. മുഷറഫിനുത്തെത്തുന്നതിന് മുമ്പ് ഷൂ സദസ്സിന്റെ മുന്‍നിരയിലാണ് വീണത്.

ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ സ്ഥലത്ത് നിന്ന് നീക്കി. മുഷ്‌റഫ് സ്ഥാപിച്ച ആള്‍ പാകിസ്താന്‍ മുസ്‌ലിം ലീഗ് സംഘടിപ്പിച്ച യോഗത്തില്‍ സംഭവം നടക്കുമ്പോള്‍ ഏകദേശം 1500 ഓളം ആളുകളുണ്ടായിരുന്നു. മുഷ്‌റഫിനെതിരെ സദസ്സിന്റെ പിന്‍നിരയില്‍ നിന്നും പ്രതിഷേധമുണ്ടായി. പാക് ടെലിവിഷന്‍ ചാനലായ ജിയോ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

2008ല്‍ പ്രസിഡന്റ് സ്ഥാനം ഉപേക്ഷിച്ച മുഷാറഫ് ലണ്ടനില്‍ കഴിഞ്ഞു വരികയാണ്.