നിലമ്പൂര്‍:കോടതിയില്‍വെച്ച് പ്രതി മജിസ്‌ട്രേറ്റിനുനേരെ ഷൂ എറിഞ്ഞു. ഉന്നംതെറ്റി ഏറുകൊണ്ടത് അഭിഭാഷകന്.

എടക്കര അറനാടംപാടം മുതുകാട്ടില്‍ ബെന്നിയാണ് നിലമ്പൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് സി.ആര്‍ ദിനേശിനുനേരെ ഷൂ എറിഞ്ഞത്. പൂട്ടിക്കിടക്കുന്ന നിലമ്പൂര്‍ അരുവാക്കോട് സ്‌റ്റേറ്റ് വുഡ് ഇന്‍ഡസ്ട്രീസില്‍നിന്ന് യന്ത്രസാമഗ്രികള്‍ മോഷ്ടിച്ച കേസില്‍ പ്രതിയാണ് ബെന്നി.

കഴിഞ്ഞദിവസം രാവിലെയാണ് സംഭവം. കോടതി ചേര്‍ന്ന ഉടനെ ബെന്നിയുടെ കേസിനുപകരം ഗാര്‍ഹികപീഡനക്കേസാണ് പരിഗണിച്ചത്. മഞ്ചേരി ബാറിലെ അഭിഭാഷകന്‍ പി.പി മുനീര്‍ ഈ കേസില്‍ വാദം നടത്തവെ പ്രതിക്കൂടിനു സമീപം വാതില്‍ക്കല്‍നിന്ന ബെന്നി ഷൂ എറിയുകയായിരുന്നു. ഷൂ ഉന്നംതെറ്റി മുനീറിന്റെ തലയ്ക്കുപിന്നില്‍ കൊണ്ടു.

വളരെക്കാലമായി ജയിലിലാണെന്നും കോടതിനടപടികള്‍ക്കു വേഗംപോരെന്നും ബെന്നി ആരോപണമുയര്‍ത്തിയിരുന്നു. സംഭവത്തെത്തുടര്‍ന്ന് ബെന്നിയുടെ കേസ് പരിഗണനയ്‌ക്കെടുക്കുകയും ജൂണ്‍ 14 ലേക്ക് അവധി വെയ്ക്കുകയും ചെയ്തു.