ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന് നേരെ ചെരുപ്പേറ്. സിന്ധ് ഹൈക്കോടതി വരാന്തയില്‍ വെച്ചാണ് സംഭവം. മുഷറഫിന് പതിനഞ്ച് ദിവസത്തേക്ക് കൂടി കോടതി ജാമ്യം നീട്ടിയിരുന്നു.

ഇതിന് തൊട്ടുപിന്നാലെയാണ് കോടതി വരാന്തയിലെത്തിയ മുഷറഫിന് നേരെ ചെരുപ്പേറുണ്ടായത്. എന്നാല്‍ ആരാണ് ചെരുപ്പെറിഞ്ഞതെന്ന് വ്യക്തിമായില്ല.

Ads By Google

തിരക്കിലൂടെ നടന്നുവരികയായിരുന്ന മുഷറഫിന് നേരെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും ഒരാള്‍ ചെരുപ്പ് വലിച്ചെറിയുകയായിരുന്നു. എന്നാല്‍ ഷൂ മുഷറഫിന്റെ ദേഹത്ത് തട്ടിയില്ല.

വിവിധ കേസുകളില്‍ അറസ്‌റ് വാറണ്ട് നിലനില്‍ക്കുന്ന മുഷറഫിന് സിന്ധ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതാണ് അദ്ദേഹത്തിന്റെ മടങ്ങിവരവ് എളുപ്പമാക്കിയത്.

അഞ്ച് വര്‍ഷത്തെ പ്രവാസജീവിതത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് മുഷറഫ് പാക്കിസ്ഥാനില്‍ തിരിച്ചെത്തിയത്. തിരിച്ചുവരാന്‍ താന്‍ ആരുമായും കരാറുണ്ടാക്കിയിട്ടില്ലെന്നും രാജ്യത്തിന്റെയും ജനങ്ങളുടെയും താല്പര്യമനുസരിച്ചാണ് താന്‍ തിരിച്ചെത്തിയതെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

മേയ് 11ന് നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയായ ഓള്‍ പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗ് മുഷാറഫ് നയിക്കും. എന്നാല്‍ പാര്‍ട്ടി എത്ര സീറ്റില്‍ വിജയിക്കുമെന്ന് പറയാനാകില്ലെന്നും മുഷറഫ് പറഞ്ഞു.

തന്റെ ഏകാധിപത്യഭരണത്തെ ന്യായീകരിച്ച മുഷറഫ് തന്റെ അധികാര കാലത്ത് പാകിസ്ഥാന്‍ അഭിവൃദ്ധിയിലായിരുന്നുവെന്ന് അവകാശപ്പെട്ടു. രാജ്യവിരുദ്ധപ്രവര്‍ത്തകര്‍ക്കെതിരായും തീവ്രവാദശക്തികള്‍ക്കെതിരായും ശബ്ദമുയര്‍ത്തിയ പാകിസ്ഥാനിലെ ഏക നേതാവ് താനാണെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോഴുള്ള തന്റെ തിരിച്ചുവരവ് രാജ്യത്തിന്റെയും ജനങ്ങളുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണെന്നും മുഷറഫ് പറഞ്ഞു.

മുഷറഫിനെ വധിക്കാന്‍ ചാവേറുകള്‍ അടങ്ങുന്ന പ്രത്യേക സംഘത്തെ തയാറാക്കിയതായി പാക്കിസ്ഥാനിലെ തെഹ്രിക് ഇ താലിബാന്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. പാക്കിസ്ഥാനില്‍ കാലുകുത്തിയ മുഷാറഫ്, താന്‍ മടങ്ങിവരില്ലെന്ന് പറഞ്ഞവര്‍ എവിടെയെന്ന് ചോദിച്ചു.

തനിക്കു വധഭീഷണിയുണ്ട്. ചിലര്‍ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നു. കറാച്ചിയില്‍നിശ്ചയിച്ചിരിക്കുന്ന ആദ്യ റാലിക്കുതന്നെ തുരങ്കം വയ്ക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. സ്വന്തം നാട്ടില്‍ മടങ്ങിയെത്തിയത് ഏറെ അപകടസാധ്യതയുള്ളതാണെന്ന് ബോധ്യമുണ്ട്.

നിരവധി വെല്ലുവിളുകളുടെ മുന്നിലേക്കാണു മടങ്ങിയെത്തുന്നത്. രാഷ്ട്രീയപരവും സുരക്ഷാപരവും നിയമപരവുമായ വെല്ലുവിളികളുണ്ട്. അവയെയെല്ലാം നേരിടാന്‍തന്നെയാണു തീരുമാനം.

വര്‍ഷങ്ങള്‍ക്കു മമ്പു താന്‍ ഉപേക്ഷിച്ചുപോയ പാക്കിസ്ഥാന്‍ എവിടെയെന്നു മുഷാറഫ് ചോദിച്ചു. ഇപ്പോള്‍ തന്റെ നാടിന്റെ അവസ്ഥകണ്ടിട്ടു കരച്ചില്‍ വരുന്നു.

നാട്ടിലില്ലാതിരുന്ന സമയത്ത് തന്നെ നിരവധികേസുകളില്‍ കുടുക്കി. പാക്കിസ്ഥാനെ വീണ്ടും ക്ഷേമരാജ്യമാക്കാന്‍ അവയെല്ലാം നേരിടാന്‍ തന്നെയാണു തീരുമാനം. പാക്കിസ്ഥാനെ രക്ഷിക്കുകയെന്നതാണു തന്റെ പാര്‍ട്ടിയുടെ മുദ്രാവാക്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു.