Categories

ശോഭനാ ജോര്‍ജ് ചെങ്ങന്നൂരില്‍ റിബലായി മല്‍സരിക്കും

കൊച്ചി: കോണ്‍ഗ്രസ് നേതാവ് ശോഭനാ ജോര്‍ജ്ജ് ചെങ്ങന്നൂര്‍ നിയമസഭാമണ്ഡലത്തില്‍ റിബല്‍ സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കും. പി.സി വിഷ്ണുനാഥാണ് ചെങ്ങന്നൂരില്‍ യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി. സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് ശോഭനാ ജോര്‍ജ്ജ് റിബലായി മല്‍സരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ അന്തിമപട്ടിക കഴിഞ്ഞദിവസമായിരുന്നു പുറത്തുവിട്ടത്. ഏഴു വനിതകളുടെ പട്ടികയില്‍ ശോഭനാ ജോര്‍ജ്ജിന്റെ പേരുണ്ടായിരുന്നില്ല. ചെങ്ങന്നൂരില്‍ നിന്നുതന്നെ എം.എല്‍.എ ആയി ജയിച്ചയാളാണ് ശോഭനാ ജോര്‍ജ്ജ്.

2005ല്‍ കെ.കരുണാകരന്‍ കോണ്‍ഗ്രസ് വിട്ട് ഡെമോക്രാറ്റിക് ഇന്ദിര കോണ്‍ഗ്രസ് രൂപീകരിച്ചപ്പോള്‍ അദ്ദേഹത്തിനൊപ്പം പോയ നേതാക്കളില്‍ പ്രമുഖയാണ് ശോഭന. എന്നാല്‍ തുടര്‍ന്ന് പാര്‍ട്ടിയിലേക്ക് തിരിച്ചുവരുകയായിരുന്നു. 2006ല്‍ തിരുവനന്തപുരം വെസ്റ്റില്‍ വി.സുരേന്ദ്രന്‍ പിള്ളയോടായിരുന്നു ശോഭനാ ജോര്‍ജ്ജ് പരാജയപ്പെട്ടത്.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കരുണാകരവിഭാഗത്തിന് അതൃപ്തി
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപട്ടികയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൂടുതല്‍ ശക്തമാകുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി കരുണാകരവിഭാഗം രംഗത്തെത്തിയിട്ടുണ്ട്.

പത്മജാ വേണുഗോപാലിന്റെ നേതൃത്വത്തില്‍ കരുണാകരവിഭാഗം ഇന്ന് വൈകീട്ട് കൊച്ചിയില്‍ യോഗംചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. പത്മജയ്ക്ക് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചത് അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയ്ക്ക് വരുമെന്നാണ് റിപ്പോര്‍ട്ട്.

കരുണാകരവിഭാഗത്തിന് അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന ആരോപണം വളരെ ശക്തമാണ്. മറ്റ് നേതാക്കന്‍മാരെ കോണ്‍ഗ്രസ് അവഗണിച്ചുവെന്നും ആരോപണമുണ്ട്. കരുണാകരനോടൊപ്പം കോണ്‍ഗ്രസില്‍ മടങ്ങിയെത്തിയവര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന് നേരത്തേ പരാതിയുയര്‍ന്നിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.