കോട്ടയം: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ കൊല വിളി പ്രസംഗവുമായി ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍. കോട്ടയം ജില്ലയിലെ പൊന്‍കുന്നത്ത് നടന്ന പൊതുപരിപാടിയിലാണ് ശോഭയുടെ പ്രസംഗം.

കോടിയേരി ബാലകൃഷ്ണന്‍ ഉറങ്ങുമ്പോഴും ഇരിക്കുമ്പോഴുമെല്ലാം ആലോചിക്കണം. അങ്ങ് ഈ കലാപരിപാടിയൊക്കെ അവസാനിപ്പിക്കണം. തെക്കോട്ടെടുക്കണ്ടെ, വയസെത്രയായെന്നു പറഞ്ഞ ശോഭ കോടിയേരി ബാലകൃഷ്ണനെ കേരളത്തിന് പുറത്ത് സഞ്ചരിക്കാന്‍ അനുവദിക്കില്ലെന്നും പറയുന്നു.

ഇന്ത്യ ഭരിക്കുന്നത് പിണറായി വിജയന്റെ വല്യേട്ടനല്ല ആര്‍.എസ്.എസുകാരാനായ മോദിയാണെന്നും ശോഭ പറയുന്നു.

മോദി ഭക്തരായ ആര്‍.എസ്.എസ് പരിശീലനം ലഭിച്ച നിരവധി പേര്‍ പൊലീസ് സേനയിലുണ്ട്. അവരെ ഉപയോഗപ്പെടുത്തിയും ആര്‍.എസ.എസ  അജണ്ട നടപ്പാക്കുമെന്ന സൂചനയും ശോഭ നല്‍കുന്നു. മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് ശോഭയുടെ പ്രസംഗം.

ആര്‍എസ്എസ് ബന്ധം ഉപേക്ഷിച്ച് പുരോഗമന പ്രസ്ഥാനത്തിന്റെ ഭാഗമായ സുധീഷ് മിന്നിയെ നായയോടാണ് ശോഭ ഉപമിച്ചത്.
കണ്ണൂരില്‍ നിന്നൊരു നായ കേരളത്തിലിറങ്ങിയിട്ടുണ്ട്. ആ നായയുടെ പേര് സുധീഷ് മിന്നിയെന്നാണ്. കേരളത്തിലുള്ളവര്‍ പരാമവധി തങ്ങളുടെ വീട്ടിലെ വളര്‍ത്തു നായക്ക് സുധീഷ് മിന്നിയെന്ന് പേരു നല്‍കണമെന്നും ശോഭ പറഞ്ഞു.

മണിക്കൂറുകള്‍ നീണ്ട പ്രസംഗത്തില്‍, കൊലവിളിയും വ്യക്തിഹത്യയുമാണ് ശോഭാ നടത്തിയത്. ഇതിനെതിരെ കക്ഷി രാഷ്ട്രീയ ഭേദമന്യേ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

കടപ്പാട്: കൈരളി ഓണ്‍ലൈന്‍