കൊച്ചി: വരാപ്പുഴ പീഡനക്കേസില്‍ അറസ്റ്റിലായ ശോഭാ ജോണ്‍ പോലീസ് സ്റ്റേഷനില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത് വിവാദമാകുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആലുവ റൂറല്‍ എസ്.പി ഹര്‍ഷിത അട്ടല്ലൂരി അന്വേഷണത്തിന് ഉത്തരവിട്ടു. ശോഭാജോണിനെ പരസ്യ പ്രതികരണത്തിന് അനുവദിച്ച പറവൂര്‍ സി.ഐക്കെതിരെ നടപടിക്ക് സാധ്യതയുണ്ട്. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ആലുവ ഡി.വൈ.എസ്.പിയെ ചുമതലപ്പെടുത്തി.

ശോഭ ജോണിനെ രാവിലെ പറവൂരില്‍ എത്തിച്ചപ്പോഴായിരുന്നു മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ അവസരം നല്‍കിയത്. തന്നെ പോലീസ് പിടികൂടിയതല്ലെന്നും താന്‍ കീഴടങ്ങുകയായിരുന്നെന്നും അവര്‍ മാധ്യമപ്രവര്‍ത്തകരോട് അപ്പോള്‍ പറഞ്ഞു. കേസിലെ ഉന്നതരുടെ പേരുകള്‍ താന്‍ പുറത്തുവിടുമെന്നും ശോഭാ ജോണ്‍ ഭീഷണി മുഴക്കിയിരുന്നു.

Subscribe Us:

പറവൂര്‍ സി.ഐയും മാധ്യമങ്ങളോട് കേസിനെക്കുറിച്ച് വിശദീകരിച്ചിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് പറയുന്നത് പോലീസുകാര്‍ക്ക് വിലക്കുണ്ട്. അതിനാല്‍, സി.ഐയുടെ വാര്‍ത്താസമ്മേളനം ചട്ടലംഘനമാണെന്ന് പോലീസ് വിലയിരുത്തി. ഇതിനെ തുടര്‍ന്നാണ് റൂറല്‍ എസ്.പി അന്വേഷണത്തിന് നിര്‍ദേശിച്ചത്.

ബാംഗളൂരില്‍ വെച്ച് ഇന്നലെയാണ് ശോഭാ ജോണ്‍ അറസ്റ്റിലായത്.