കൊച്ചി: വാരാപ്പുഴ പെണ്‍വാണിഭക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശോഭാ ജോണിനെ കൊച്ചിയിലെത്തിച്ചു. പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പങ്കുള്ളതായി പ്രാഥമിക ചോദ്യം ചെയ്യലില്‍ ശോഭാ ജോണ്‍ സമ്മതിച്ചതായി പോലീസ് അറിയിച്ചു.

താന്‍ പോലീസിന് കീഴടങ്ങുകയായിരുന്നെന്ന് മാധ്യമപ്രവര്‍ത്തകരോട് ശോഭ വെളിപ്പെടുത്തി. കൊച്ചിയിലെത്തിച്ചശേഷം മാധ്യമങ്ങള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് ശോഭ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ‘കേസില്‍ തന്റെ റോളെന്താണെന്ന് എല്ലാവര്‍ക്കും അറിയാം. ഞാന്‍ ആര്‍ക്കൊക്കെ കുട്ടിയെ കൈമാറിയിട്ടുണ്ട്, ആര്‍ക്കൊക്കെ ഇതില്‍ പങ്കുണ്ട് എന്നീ കാര്യങ്ങള്‍ പോലീസിനോട് പറയും. പോലീസ് ഇക്കാര്യം മറച്ചുവെച്ചാലും താനിത് വെളിപ്പെടുത്തും’ മാധ്യമങ്ങളോട് ശോഭജോണ്‍ പറഞ്ഞു.

ശോഭയെ അന്വേഷണം സംഘം പിടികൂടുകയായിരുന്നെന്നാണ് അറസ്റ്റിനുശേഷം പറവൂര്‍ സി.ഐ മാധ്യമങ്ങളോട് പറഞ്ഞത്. ശോഭജോണ്‍ ബാംഗ്ലൂരിലുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണസംഘം അവിടെയെത്തുകയായിരുന്നു. ബാംഗ്ലൂരില്‍ ലൈഫ് സ്റ്റൈല്‍ എന്ന കടയില്‍നിന്നും തുണികള്‍ വാങ്ങിമടങ്ങവെയാണ് ശോഭയെ അറസ്റ്റുചെയ്തതെന്നും പോലീസ് പറഞ്ഞിരുന്നു.