ബംഗലൂരു: ബി.സി.സി.ഐയുടെ അനുമതിയില്ലാതെ ഇന്ത്യയിലെത്തി ക്ലബ്ബ് മത്സരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്ററും മുന്‍ ക്യാപ്റ്റനുമായ ഷോഹിബ് മാലിക്കിനെതിരെ നടപടിയെടുക്കുന്നില്ലെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്.

‘സംഭവവുമായി ബന്ധപ്പെട്ട് വിശദീകരണം തരാന്‍ ഞങ്ങള്‍ മാലിക്കിനോട് പറഞ്ഞിട്ടില്ല. അദ്ദേഹം അങ്ങനെ തെറ്റായൊരു കാര്യം ചെയ്‌തെന്ന് തോന്നുന്നില്ല. അദ്ദേഹം ഇന്ത്യയിലെത്തി ക്രിക്കറ്റ് കളിച്ചു എന്നുള്ളത് സത്യം തന്നെ. എന്നാല്‍ അത് വെറും ഒരു ക്ലബ്ബ് മത്സരമായിരുന്നു.

അതുമാത്രമല്ല. അത് അദ്ദേഹത്തിന്റെ സ്വാകാര്യസന്ദര്‍ശനമായിരുന്നു. മാലിക് പാക്കിസ്ഥാനിലെത്തിയാല്‍ അദ്ദേഹത്തോട് ഇക്കാര്യത്തെ കുറിച്ച് സംസാരിക്കും. അല്ലാതെ നടപടിയൊന്നും എടുക്കില്ല”.- പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.

ബി.സി.സി.ഐയുടെ നിയമമനുസരിച്ച് മറ്റ് രാജ്യങ്ങളിലെ താരങ്ങളെ ക്ലബ്ബ് ടൂര്‍ണമെന്‍്‌റുകളില്‍ പങ്കെടുപ്പിക്കേണ്ടതില്ലെന്നാണ്. എന്നാല്‍ ദല്‍ഹി ക്രിക്കറ്റ് അസോസിയേഷന് ബി.സി.സി.ഐയുടെ ഈ നിയമത്തെ കുറിച്ച് അറിവില്ലായിരുന്നെന്നാണ് പറയുന്നത്.

അതുകൊണ്ടാണ് മാലികിനെ ക്ലബ്ബില്‍ കളിപ്പിച്ചത്. ഇതിനുമുന്‍പ് ഒരു തവണയും മാലിക് ഇതേ ക്ലബ്ബിന് വേണ്ടി കളിച്ചിട്ടുണ്ടായിരുന്നെന്നും ദല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു.