മുംബൈ: പാക്കിസ്താന്‍ ക്രിക്കറ്റ് താരം ഷുഹൈബ് അക്തറിന്റെ ഇതിനകം വിവാദമായ ആത്മകഥ കോണ്‍ട്രവേര്‍ഷ്യല്‍ യുവേര്‍സ്’ന്റെ മുംബൈയിലെ പ്രകാശന ചടങ്ങ് മാറ്റിവച്ചു. ഞായറാഴ്ച, ഇവിടെ ക്രിക്കറ്റ് ക്ലബ്ബ് ഒഫ് ഇന്ത്യ പരിസരത്ത് വച്ച മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ദിലീപ് വെങ് സര്‍ക്കാര്‍ പുസ്തക പ്രകാശന കര്‍മ്മം നിര്‍വ്വഹിക്കുമെന്നാണറിയിച്ചിരുന്നത്.

ചടങ്ങ് മാറ്റി വച്ച കാര്യം ക്രിക്കറ്റ് ക്ലബ്ബ് അധികൃതര്‍ തന്നെയാണ് അറിയിച്ചത്. എന്നാല്‍ കാരണം വ്യക്തമാക്കിയിട്ടില്ല. പുസ്തകത്തില്‍ ഇന്ത്യന്‍ ബാറ്റിംഗ് പ്രതിഭകളായ സച്ചിന്‍ തെണ്ടുല്‍ക്കറിനും രാഹുല്‍ ദ്രാവിഡിനുമെതിരായ വിവാദ പരാമര്‍ശങ്ങളാണ് ചടങ്ങ് മാറ്റിവക്കാന്‍ കാരണമെന്നാണ് പറയപ്പെടുന്നത്.

സച്ചിനും ദ്രാവിഡിനും കളി ജയിപ്പിക്കാനുള്ള കഴിവില്ല എന്ന അക്തറിന്റ പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ ഇതിനകം വിവാദമായിരുന്നു. പാക്കിസ്താന്‍ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വസീം അക്രമടക്കം നിരവധി താരങ്ങള്‍ അക്തറിന്റെ വിവാദ പരാമര്‍ശത്തിനെതിരെ രംഗത്ത് വന്നിരുന്നു. അക്തര്‍ മാപ്പ് പറയാന്‍ തയ്യാറാവണമെന്ന് ബി.സി.സി.ഐയും ആവശ്യപ്പെട്ടിരുന്നു.

അതേസമയം അക്തറിന്റെ സച്ചിനെതിരെയുള്ള പരാമര്‍ശത്തില്‍ രോഷം പൂണ്ട ആരാധകര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനക്കാര്‍ അക്തറിനെ കഴുതകളോട്് ഉപമിക്കുന്ന പോസ്റ്ററുകളുമായാണ് പ്രതിഷേധക്കാര്‍ പ്രകടനം നടത്തിയത്.