എഡിറ്റര്‍
എഡിറ്റര്‍
ആധാറും വിവരണാത്മക സ്വയംനിര്‍ണ്ണയാവകാശവും
എഡിറ്റര്‍
Tuesday 2nd May 2017 5:27pm


ഷിയാസ് റസാഖ്


പൗരാവകാശങ്ങള്‍ക്കു മേല്‍ കടന്നുകയറുക എന്നുള്ളത് ഭരണകൂടങ്ങളുടെ പൊതുസ്വഭാവമായി കാണാന്‍ കഴിയുന്നൊരു കാലത്തു ജീവിക്കുന്നവരാണു നാമെല്ലാം. പൗരനെ രൂപപ്പെടുത്തുന്ന, പരുവപ്പെടുത്തുന്ന, ആവശ്യാനുസരണം ഉപയോഗപ്പെടുത്തുന്ന അച്ചുകൂടമാണ് തങ്ങളെന്നു സ്വയം വിശ്വസിക്കാന്‍ തുടങ്ങുന്ന സര്‍ക്കാറുകള്‍ അതതുകാലത്ത് പൗരസമൂഹത്തിന്റെ എതിര്‍ത്തുനില്‍പ്പില്‍ തോറ്റു പോയിട്ടേയുള്ളൂ. വ്യക്തിസ്വാതന്ത്ര്യത്തിനും വ്യക്തിയുടെ സ്വയംനിര്‍ണ്ണയാവകാശത്തിനും മേലുള്ള ഭരണകൂടത്തിന്റെ കടന്നുകയറ്റത്തെ പൊരുതിത്തോല്‍പ്പിച്ച ജര്‍മ്മന്‍ ജനത തന്നെ ഏറ്റവും വലിയ ഉദാഹരണം.

1983ലാണ് ജര്‍മ്മനിയിലെ ഫെഡറല്‍ ഗവണ്‍മെന്റ് രാജ്യത്ത് സെന്‍സസ്സ് കണക്കെടുപ്പു നടത്തുവാന്‍ തീരുമാനമെടുക്കുന്നത്. അതുവരെ സര്‍ക്കാര്‍ നേരിട്ട് സെന്‍സസ്സ നടത്തിയിട്ടില്ലാതിരുന്ന ജര്‍മ്മനിയില്‍ ഇത് ശക്തമായ ജനകീയ പ്രതിഷേധത്തിനിടയാക്കി.

വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് സെന്‍സസ്സ് പോലും എന്നുള്ള വീക്ഷണം, സ്വകാര്യത പൗരസ്വാതന്ത്ര്യത്തിലും പൗരാവകാശങ്ങളിലും ഒഴിച്ചുകൂടാത്തതാണെന്ന തിരിച്ചറിവ്, ഇവയായിരുന്നു പ്രതിഷേധങ്ങളുടെ കാതല്‍. എതിര്‍പ്പ് വ്യക്തികളായും സംഘടനകളായും മുന്നോട്ടു വന്നപ്പോള്‍ ജര്‍മ്മന്‍ പരമോന്നത കോടതിയായ ഫെഡറല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസിനു (Bundesgerichtshof / BGH) മുന്നില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളുടെ എണ്ണം മുപ്പത്തിനാലായിരത്തോളം. 1984ല്‍ സെന്‍സസ്സ് താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട കോടതി ഈ കണക്കെടുപ്പ് ഭാഗികമായി ഭരണഘടനാവിരുദ്ധമാണെന്നും കൂടി ചൂണ്ടിക്കാട്ടിയിരുന്നു.

പൗരസ്വകാര്യതയെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടും വിവരസുരക്ഷയിലെ സങ്കീര്‍ണതകളില്‍ വന്നു ഭവിക്കാവുന്ന വീഴ്ചകളെ മുന്‍കൂട്ടിക്കണ്ടും പുറപ്പെടുവിക്കപ്പെട്ട ഈ വിധി ജര്‍മ്മന്‍ ചരിത്രത്തിലെ മാത്രമല്ല ലോകചരിത്രത്തിലെയും നാഴികക്കല്ലാണ്. വിവരണാത്മക സ്വയംനിര്‍ണ്ണയാവകാശം (Informational Selfdetermination) എന്ന ആശയത്തെ ലോകത്തിനു സംഭാവന ചെയ്ത വിധിയായിരുന്നു ഇത്. സാഹചര്യാനുസരണം തന്നെ സംബന്ധിക്കുന്ന എന്തെല്ലാം വിവരങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെയ്ക്കപ്പെടണമെന്നു തീരുമാനിക്കുവാനുള്ള വ്യക്തിയുടെ സ്വാതന്ത്ര്യം അവന്റെ അല്ലെങ്കില്‍ അവളുടെ അവകാശമാണെന്ന് ഇതിനും മുമ്പു തന്നെ അലന്‍ വെസ്റ്റിന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട(1). വ്യക്തിയുടെ സ്വകാര്യത നിലനിര്‍ത്താനുള്ള അവകാശം (Right to Privacy) 1792ലെ നാലാം ഭരണഘടനാ ഭേദഗതി വഴി അമേരിക്കന്‍ ഭരണഘടനയുടെ ഭാഗമായിട്ടുള്ളതാണ്. വാറന്റില്ലാതെ വ്യക്തിയെയോ അയാളുടെ സ്ഥാവരജംഗമവസ്തുക്കളോ പരിശോധിക്കുന്നതില്‍ നിന്നും സുരക്ഷ നല്‍കുന്ന ഈ ഭേദഗതിയില്‍ നിന്നും ഏറെ മുന്നോട്ടു വന്ന് വ്യക്തിയുടെ തനിച്ചിരിക്കുവാനും ഏകാന്തതക്കുമുള്ള അവകാശങ്ങളെക്കുറിച്ചുള്ള (Right to be Let Alone & Right to Solitude) ചര്‍ച്ചകള്‍ അമേരിക്കയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നുമുണ്ട്(2).

എന്നാല്‍ സ്വകാര്യത നിലനിര്‍ത്താനുള്ള അവകാശവും വിവരണാത്മക സ്വയംനിര്‍ണ്ണയാവകാശവും തമ്മില്‍ തമ്മില്‍ ഏറെ വ്യത്യസ്തമാണ്. ഒരാളുടെ വിവരണാത്മക സ്വയംനിര്‍ണ്ണയാവകാശമെന്നത് തന്റെ ജനിതകപരവും വ്യക്തിപരവും സ്വഭാവപരവുമായ വിവരങ്ങളുടെ സ്വതന്ത്രമായ വിനിമയം, പ്രദര്‍ശനം, വികാസം തുടങ്ങിയവ പൂര്‍ണമായും വ്യക്തിയുടെ അധികാരപരിധിയില്‍ മാത്രം നിലനില്‍ക്കുന്നതും വ്യക്തികളെ സംബന്ധിച്ച ഏതൊരു വിവരവും യഥാര്‍ത്ഥ ഉടമസ്ഥന്റെ അറിവോ സമ്മതമോ കൂടാതെ ഉപയോഗിക്കുവാനുള്ള അധികാരം ഭരണകൂടമടക്കമുള്ള ഒരേജന്‍സിക്കും ഇല്ലെന്നു സമര്‍ത്ഥിക്കുന്നതുമാണ്(3).

1983ല്‍ ജര്‍മ്മന്‍ പാര്‍ലമെന്റ് (Bundestag) അനിവാര്യമായ ചര്‍ച്ചകള്‍ മറികടന്നുകൊണ്ട് പാസ്സാക്കിയ സെന്‍സസ്സ് ആക്ട് (1983) പൊതുസമൂഹത്തിനിടയില്‍ സൃഷ്ടിച്ച പ്രതിഷേധത്തിന്റെ കാതല്‍ ഭരണകൂടം അമ്പേ അവഗണിച്ച പൗരന്റെ സ്വകാര്യതയും ശേഖരിക്കപ്പെടുന്ന വിവരത്തിന്റെ സുരക്ഷയും ആയിരുന്നു. ഇന്ന് ആധാര്‍ അനുകൂലികള്‍ ചൂണ്ടിക്കാണിക്കുന്ന ഡിജിറ്റലൈസേഷന്റെ ഗുണഗണങ്ങള്‍ തന്നെയായിരുന്നു അന്ന് ജര്‍മ്മന്‍ സര്‍ക്കാര്‍ അനുകൂലികളും ഉയര്‍ത്തിപ്പിടിച്ചിരുന്നത്. 1983 ഡിസംബര്‍ 15ാം തീയ്യതി ഫെഡറല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ് സെന്‍സസ് ആക്ട് ഭാഗികമായി അംഗീകരിക്കുകയും ഒപ്പം തന്നെ ജനങ്ങളുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കാനുള്ള നടപടികള്‍ എടുക്കണമെന്ന് സര്‍ക്കാരിനോടു നിര്‍ദ്ദേശിക്കുകയുമുണ്ടായി. ശേഖരിക്കുന്ന വിവരങ്ങള്‍ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതും സര്‍ക്കാറിതര ഏജന്‍സികള്‍ക്ക് കൈമാറുന്നതും ഭരണഘടനാവിരുദ്ധമാണെന്നു നിരീക്ഷിച്ച കോടതി വിവരങ്ങളുടെ പങ്കുവെക്കല്‍ പൂര്‍ണമായും റദ്ദാക്കിയിരുന്നു.

ഫെഡറല്‍ കോടതിയുടെ ഈ വിധി ജനസംഖ്യാ കണക്കെടുപ്പിനെ പൂര്‍ണമായും തടഞ്ഞിരുന്നില്ല. 1985ല്‍ ഭേദഗതിയോടുകൂടി പാസ്സാക്കപ്പെട്ട പുതിയ സെന്‍സസ്സ് ആക്ട് പ്രകാരം 1987 മെയ് 25ന് ജര്‍മ്മനി ജനസംഖ്യാ കണക്കെടുപ്പു നടത്തുകയുണ്ടായി. പ്രത്യക്ഷാ പൊതുസമൂഹത്തിന്റെ പൂര്‍ണ വിജയമല്ലാതിരുന്ന ഈ വിധി പക്ഷെ വിവരണാത്മക സ്വയംനിര്‍ണ്ണയാവകാശം എന്ന ആശയത്തെ പൊതുമുഖദ്ദാവിലെത്തിക്കുന്നതിനു സഹായിച്ചു. ഇന്നും ഈ തത്വം ജര്‍മ്മന്‍ പൗരന്മാരുടെ സ്വകാര്യതക്കുമേല്‍ നല്‍കുന്ന സുരക്ഷ ചെറുതല്ല. പിന്നീടിന്നുവരെ ജര്‍മ്മന്‍ ഭരണകൂടം സെന്‍സസ്സ് കണക്കെടുപ്പു നടത്താന്‍ തുനിഞ്ഞില്ല എന്നതും ശ്രദ്ധേയമാണ്.
സ്വകാര്യതയില്‍ നിന്നും സ്വയം നിര്‍ണ്ണയാവകാശത്തിലേക്ക്

ആധാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട കേസ് (Justice Puttaswamy & ors v Union of India) സുപ്രീംകോടതി ഏഴംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കാനിരിക്കെ, ആധാര്‍ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനെതിരായി സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട മൂന്ന് റിട്ട് ഹരജികളില്‍ ജസ്റ്റിസ് എകെ സിക്രി, ജസ്റ്റിസ് അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചിനു മുന്നില്‍ മുതിര്‍ന്ന അഭിഭാഷകരായ അരവിന്ദ് ദത്താറും ശ്യാം ദിവാനും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ അവതരിപ്പിച്ച വാദങ്ങള്‍ സുപ്രധാനങ്ങളാണ്. ആധാര്‍ പദ്ധതിയുടെ പ്രഖ്യാപന വേളയിലും വിവിധ ഘട്ടങ്ങളിലും കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നത് ആധാര്‍ നിര്‍ബന്ധമാക്കില്ല എന്നുതന്നെയായിരുന്നു. എന്നാല്‍ അതില്‍ നിന്നും തികച്ചും വിഭിന്നമായി വിവിധ ക്ഷേമപദ്ധതികള്‍ക്കെല്ലാം പ്രത്യക്ഷമായും പരോക്ഷമായും ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കിക്കൊണ്ടു മുന്നോട്ടു പോകുന്ന ഭരണകൂടത്തെയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇന്‍കം ടാക്‌സ് ആക്ടിലെ 139ാം വകുപ്പിന്റെ ഭേദഗതിയാണ് ആധാറുമായി ബന്ധപ്പെട്ട പുതിയ ഹര്‍ജികള്‍ക്ക് ആധാരം. 139 AA ഭേദഗതി താഴെ പറയും വിധമാണ്,

139AA (1) Every person who is eligible to obtain Aadhar number shall, on or after the 1st day of July 2017, quote Aadhar number
(i) In the application form for allotment of Permanent Account Number.
(ii) In the return of Income.

വരുമാന നികുതി നിയമത്തിലെ ഈ ഭേദഗതി പ്രകാരം നികുതി അടക്കുന്ന പൗരന്മാര്‍ ജൂലൈ ഒന്നിനു മുന്‍പാകെ തങ്ങളുടെ പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചിരിക്കണം.

ആധാറുമായി ബന്ധപ്പെട്ട മുന്‍കേസുകളിലെല്ലാം തന്നെ പരാതിക്കാര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകര്‍ പ്രധാനമായും വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കേണ്ടതില്‍ ഊന്നിയായിരുന്നു വാദമുഖങ്ങള്‍ അവതരിപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വ്യക്തികളുടെ സ്വകാര്യത മൗലികാവകാശങ്ങളുടെ പരിധിയില്‍ വരുന്നതാണോ എന്നു പരിശോധിക്കുന്നതിനായി ഏഴംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കപ്പെട്ടതും സ്വകാര്യതയുമായി ബന്ധപ്പെട്ട മുഴുവന്‍ ഹര്‍ജികളും ഭരണഘടനാ ബെഞ്ച് പരിഗണിക്കാനിരിക്കുന്നതും.

ഇക്കഴിഞ്ഞ ഏപ്രില്‍ 26,27,28 തിയ്യതികളില്‍ ജസ്റ്റിസ് എകെ സിക്രി, ജസ്റ്റിസ് അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചിനു മുന്നില്‍ അഡ്വക്കേറ്റ് ശ്യാം ദിവാന്‍ അവതരിപ്പിച്ച വാദം മേല്‍പ്പറഞ്ഞതില്‍ നിന്നും ഏറെ വ്യത്യസ്തമായിരുന്നു. വ്യക്തികളുടെ സ്വകാര്യത എന്ന ആശയത്തില്‍ നിന്നും ഏറെ വിഭിന്നമായി വ്യക്തികളുടെ വിവരണാത്മക സ്വയംനിര്‍ണ്ണയാവകാശം എന്ന ആശയത്തിലേക്ക് വാദത്തെ ഉയര്‍ത്തിയ ശ്യംദിവാന്‍ ആധാറുമായി ബന്ധപ്പെട്ട കേസുകളുടെ മാനങ്ങള്‍ തന്നെയും പൊളിച്ചെഴുതുകയുണ്ടായി. ആധാറിനെതിരെ ദേശമൊട്ടുക്കു നടക്കുന്ന വ്യത്യസ്ത ചര്‍ച്ചകള്‍ക്ക് ഏറെ മുതല്‍ക്കൂട്ടാകുന്നതും ഉത്തേജകമായി വര്‍ത്തിക്കുന്നതുമാണ് ഈ കേസിലെ പുതിയ വാദങ്ങള്‍.

ജര്‍മ്മന്‍ ഫെഡറല്‍ കോടതിയുടെ സെന്‍സസ്സ് വിധിയുടെ പശ്ചാത്തലത്തില്‍ അഡ്വക്കേറ്റ് ശ്യാംദിവാന്‍ സുപ്രീം കോടതി മുമ്പാകെ ഉന്നയിച്ച പ്രസക്ത വാദങ്ങള്‍ ഇവയാണ്.

1. ഒരു വ്യക്തിയുടെ ബയോമെട്രിക് വിവരങ്ങള്‍ പ്രധാനമായും വിരലടയാളം, കണ്ണിന്റെ ഘടന തുടങ്ങിയവ ആ വ്യക്തിയുടെ അധികാര പരിധിക്ക് അകത്തുള്ളതാണ്, ഭരണകൂടത്തിന് അതിന്മേല്‍ യാതൊരു അവകാശവും ഉന്നയിക്കുവാനാകില്ല.
2. രാജ്യത്ത് ഇതിനോടകം തന്നെ അനധികൃതമായി ആധാര്‍ കാര്‍ഡ് നിര്‍മ്മിച്ചു കൊടുക്കുന്ന 34,000ത്തോളം കേന്ദ്രങ്ങളെ സര്‍ക്കാര്‍ കരിമ്പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്.
3. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ രാജ്യത്ത് 85 ലക്ഷം ആധാര്‍ നമ്പറുകള്‍ ഇതുവരെ റദ്ദാക്കിയിട്ടുണ്ട്.
4. സുപ്രീം കോടതിയുടെ മുന്‍ വിധികള്‍ എല്ലാം തന്നെ ആധാര്‍ നമ്പര്‍ നിര്‍ബന്ധമല്ല എന്നു പറയുന്നതാണ്. വ്യക്തികള്‍ സ്വമേധയാ എടുക്കുന്ന ഒന്നായിരിക്കണം ആധാര്‍.
5. ആധാര്‍ ആക്ട് തന്നെ 12 അക്ക തിരിച്ചറിയല്‍ നമ്പര്‍ എടുക്കുന്നത് സ്വമേധയാ ആയിരിക്കണമെന്നു പറയുമ്പോള്‍ ഇന്‍കം ടാക്‌സ് ആക്ടിന് എങ്ങിനെയാണ് വ്യക്തികള്‍ക്കു മേല്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധമായി അടിച്ചേല്‍പ്പിക്കാനാവുക? അങ്ങിനെയെങ്കില്‍ ആധാര്‍ ആക്ടും പുതിയ ഇന്‍കം ടാക്‌സ് ആക്ടിന്റെ ഭേദഗതിയും പരസ്പര വിരുദ്ധമാണ്.
6. ഇത് സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയമല്ല, മറിച്ച് എന്റെ ശരീരവുമായി ബന്ധപ്പെട്ടതാണ്. എന്റെ ശരീരം എന്റേതു മാത്രമാണ്. അങ്ങിനെ ആയിരിക്കെ ഭരണകൂടത്തിന് എന്റെ വ്യക്തി വിവരങ്ങള്‍ പുറത്തുള്ള ഒരു സ്വകാര്യ വ്യക്തിക്കു കൈമാറാന്‍ എന്തവകാശം?
7. ഇന്ത്യന്‍ ഭരണഘടന ഭരണകൂടം ഏകാധിപത്യപരമായി പെരുമാറുന്നതിനെ അംഗീകരിക്കുന്നില്ല. ഭരണഘടന തന്നെയും പൗരന്മാരെ ദാസന്‍മാരായി കണക്കാക്കുന്ന ഒന്നല്ല. എന്റെ അനുവാദമില്ലാതെ ഭരണകൂടത്തിന് എന്റെ ശരീരത്തില്‍ കടന്നുകയറാന്‍ യാതൊരു അവകാശവുമില്ല. ഭരണഘടനയുടെ ആമുഖം തന്നെ പൗരന്റെ അഭിമാനം സംരക്ഷിക്കുമെന്നും വ്യക്തമാക്കുന്നുണ്ട്.
8. വ്യക്തിയുടെ ജീവിക്കാനുള്ള അവകാശമെന്നത് വ്യക്തിയുടെ ശരീരത്തിന്മേല്‍ക്കൂടിയുള്ള സമ്പൂര്‍ണ്ണമായ അവകാശമാണ്.
9. ഇന്‍കം ടാക്‌സ് അക്ട് ഭേദഗതി സമൂഹത്തില്‍ രണ്ട് ശ്രേണിയിലുള്ള പൗരന്മാരെ സൃഷ്ടിക്കുന്നതാണ്. തങ്ങളുടെ വ്യക്തിവിവരങ്ങള്‍ നല്‍കിയവരും നല്‍കാത്തവരും. ഇതു തന്നെ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 14ന്റെ ലംഘനമാണ്.
10. പുതിയ ഡിജിറ്റല്‍ ലോകത്തില്‍ വിവരണാത്മക സ്വയംനിര്‍ണ്ണയാവകാശം എന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21, 19, 14 എന്നിവയുടെ ഭാഗമാണ്.
11. വിവരണാത്മക സ്വയംനിര്‍ണ്ണയാവകാശം എന്നത് ഒരാളുടെ സ്വതന്ത്രമായ വ്യക്തിവികാസത്തിന് സുപ്രധാനമാണ്. അതിനാല്‍ സ്വയംനിര്‍ണ്ണയാവകാശത്തെ സ്വകാര്യതക്കുള്ള അവകാശത്തില്‍ നിന്നും വ്യത്യസ്തമായി കാണേണ്ടുന്നതാണ്.
12. ഭരണകൂടം ഇത്തരത്തില്‍ പൗരന്മാരുടെ വിവരങ്ങള്‍ കേന്ദ്രീകൃതമാക്കുകയാണെങ്കില്‍ അത് ജനങ്ങളെ അടിമകളാക്കിത്തീര്‍ക്കുന്നതിലാണ് കലാശിക്കുക.
13. ഭരണഘടന പൗരന്മാര്‍ക്കു നല്‍കുന്ന അഭിപ്രായ പ്രകടനത്തിനുള്ള അവകാശം അഭിപ്രായ പ്രകടനം നടത്താതിരിക്കാന്‍ കൂടിയുള്ള അവകാശമാണ്. അങ്ങിനെയായിരിക്കെ സര്‍ക്കാരിന് എങ്ങിനെയാണ് എന്റെ വ്യക്തിവിവരങ്ങള്‍ വ്യക്തമാക്കാന്‍ നിര്‍ബന്ധിക്കാനാവുക
14. ആധാര്‍ കുട്ടികളില്‍പ്പോലും നിര്‍ബന്ധിച്ച് അടിച്ചേല്‍പ്പിക്കുന്നു. സ്വന്തമായി തീരുമാനം എടുക്കാന്‍ പര്യാപ്തമാകുന്നതിനു മുമ്പേ അവരുടെ വളരേ വ്യക്തിപരമായ വിവരങ്ങള്‍ എങ്ങിനെയാണ് ഒരു ജനാധിപത്യ ഭരണകൂടത്തിന് ശേഖരിക്കാന്‍ കഴിയുക.

ഈ വാദങ്ങള്‍ക്കു പുറമെ ഇന്‍കം ടാക്‌സ് ആക്ടിലെ 139AA, ആധാര്‍ ആക്ടിലെ വകുപ്പുകള്‍ക്ക് ഘടകവിരുദ്ധമാണെന്നും കക്ഷികള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചിരുന്നു. ആധാര്‍ ആക്ടിലെ ജനസംഖ്യാപരമായ വിവരങ്ങളില്‍ (Demographic Informations) വരുമാനം ഉള്‍പ്പെടുന്നില്ല എന്നതും അവര്‍ ചൂണ്ടിക്കാട്ടി. ആയതിനാല്‍ തന്നെ വരുമാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആധാറുമായി കൂട്ടിയിണക്കുന്നതിലെ അടിസ്ഥാനരാഹിത്യവും ചോദ്യം ചെയ്യപ്പെടുകയാണിവിടെ.

ഏതായാലും കേന്ദ്ര സര്‍ക്കാരിന് ആധാര്‍ കേസിലുള്ള മുന്നോട്ടുപോക്ക് അത്രമാത്രം സുഖകരമായിരിക്കില്ല എന്ന് ഉറപ്പുവരുത്തുന്ന പുത്തന്‍ വാദതലങ്ങളാണ് ഇപ്പോള്‍ ഉരുത്തിരിഞ്ഞിരിക്കുന്നത്. മെയ് രണ്ടാം തിയ്യതി തുടങ്ങാനിരിക്കുന്ന സര്‍ക്കാരിന്റെ വാദം മുന്നോട്ടു പോകുന്നതെങ്ങിനെയായിരിക്കും എന്നത് ആധാറിനെതിരെ പടപൊരുതുന്നവരെ ഏറെ ഉദ്വോഗഭരിതരാക്കുന്നുണ്ട്.

Advertisement