എഡിറ്റര്‍
എഡിറ്റര്‍
എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരിയടിച്ച ശിവസേന എം.പിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി എയര്‍ ഇന്ത്യയുടെ തിരിച്ചടി
എഡിറ്റര്‍
Friday 24th March 2017 7:02pm

ന്യൂദല്‍ഹി: ജീവനക്കാരനെ ചെരുപ്പൂരിയടിച്ച ശിവസേന എംപിയ്‌ക്കെതിരെ നടപടിയുമായി എയര്‍ ഇന്ത്യ. എംപി രവീന്ദ്ര ഗെയ്ക്ക്‌വാദിനെ എയര്‍ ഇന്ത്യ കരിമ്പട്ടികയില്‍പ്പെടുത്തി. ഇതോടെ എയര്‍ ഇന്ത്യയുടെ വിമാനങ്ങളില്‍ ഇനി ഗെയ്ക്ക്‌വാദിന് യാത്രചെയ്യാനാകില്ല. കഴിഞ്ഞദിവസമാണ് വിവാദമായ സംഭവം ഉണ്ടായത്.

പ്രത്യേക സമിതിയെക്കൊണ്ട് സംഭവം അന്വേഷിപ്പിച്ച ശേഷമാണ് എംപിയെ കരിമ്പട്ടികയില്‍പ്പെടുത്തിയതായി എയര്‍ ഇന്ത്യ അറിയിച്ചത്.

സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഗെയ്ക്ക്‌വാദ് എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരി തല്ലുകയായിരുന്നു. ദില്ലി വിമാനത്താവളത്തില്‍വെച്ചാണ് കഴിഞ്ഞ ദിവസം സംഭവം നടന്നത്. ബിസിനസ് ക്ലാസില്‍ ടിക്കറ്റെടുത്ത ശേഷം ഇക്കോണമി ക്ലാസില്‍ യാത്രചെയ്യേണ്ടി വന്നതാണ് എംപിയെ ചൊടിപ്പിച്ചത്.

പൂനെയില്‍ നിന്നും ദില്ലിയിലേക്കുള്ള യാത്രയിലായിരുന്നു ഗെയ്ക്ക്‌വാദ്. താന്‍ ആവശ്യപ്പെട്ട സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് യാത്രയ്ക്കിടയില്‍ ഗെയ്ക്ക്‌വാദ് ജീവനക്കാരോട് തട്ടിക്കയറുകയായിരുന്നു. വിമാനം ദില്ലി വിമാനത്താവളത്തില്‍ എത്തിയിട്ടും ഇയാള്‍ ഇറങ്ങാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് ഉണ്ടായ തര്‍ക്കത്തിനൊടുവില്‍ ഇയാള്‍ ജീവനക്കാരനെ തല്ലുകയായിരുന്നു.


Also  Read: യോഗി പിടിമുറുക്കുന്നു; യോഗി ആദിത്യനാഥിന്റെ മണ്ഡലത്തില്‍ സമ്പൂര്‍ണ മാംസ നിരോധനം; മീനിനും കോഴിക്കും വരെ നിരോധനം


വിമാനത്തിലെ ജീവനക്കാരന്‍ തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു ഗെയ്ക്ക്‌വാദിന്റെ പ്രതികരണം. താന്‍ ബിസിനസ് ക്ലാസ്സ് ആണ് ബുക്ക് ചെയ്തത്. എന്നാല്‍ തനിക്ക് ലഭിച്ചത് ഇക്കോണമി ക്ലാസ്സും. ഇത് ചോദ്യം ചെയ്യുക മാത്രമാണ് താന്‍ ചെയ്തതെന്നും എന്നാല്‍ തന്നോട് ജീവനക്കാര്‍ മോശമായി പെരുമാറുകയായിരുന്നെന്നും എംപി പറഞ്ഞു.

Advertisement