ന്യൂദല്‍ഹി: സാമ്പത്തിക രംഗം തകര്‍ച്ചയിലാണെന്ന മുന്‍ ധനമന്ത്രി യശ്വന്ത് സിന്‍ഹയുടെ വാദം തെറ്റാണെന്ന് തെളിയിക്കാന്‍ ധൈര്യമുണ്ടോ എന്ന് ബി.ജെ.പിയോട് ശിവസേന. സര്‍ക്കാര്‍ നയങ്ങള്‍ രാജ്യദ്രോഹപരമാണെന്നും പാര്‍ട്ടി പത്രമായ സാംനയിലൂടെ ശിവസേന വിമര്‍ശിച്ചു.

‘ അവരുടെ(ബി.ജെ.പി) തെറ്റായ വാദങ്ങളെ തള്ളിക്കളഞ്ഞത് വേറെയാരുമല്ല. ഏറ്റവും അനുഭവജ്ഞാനമുള്ള മുന്‍ ധനമന്ത്രിയും ബി.ജെ.പി നേതാവുമാണ്. അദ്ദേഹം കുറെയേറെ പ്രസ്താവനകള്‍ ഇതിനെക്കുറിച്ച് പറഞ്ഞു. അത് തെറ്റാണെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്വം ഇനി നിങ്ങള്‍ക്കാണ്.’


Also Read: ഹാദിയ വിഷയം സമുദായവത്ക്കരിക്കരുത്; വനിതാ കമ്മിഷന്റെ ഇടപെടല്‍ സ്ത്രീപക്ഷ ദൗത്യം എന്ന നിലയില്‍: എം.സി ജോസഫൈന്‍


സിന്‍ഹ പറഞ്ഞത് സത്യമാണെന്നും സമകാലിക ചുറ്റുപാടിലെ പ്രശ്‌നങ്ങള്‍ക്കുമേല്‍ അദ്ദേഹം വെൡച്ചം വീഴ്ത്തിയിരിക്കുകയാണെന്നും എഡിറ്റോറിയലില്‍ പറയുന്നു. നേരത്തെ രാജ്യത്തെ സമ്പദ് ഘടനയെ പുനരുജ്ജീവിപ്പിക്കുന്നതില്‍ ജെയ്റ്റ്‌ലി പരാജയപ്പെട്ടെന്നും 2019ലെ പൊതു തെരഞ്ഞെടുപ്പിന് മുമ്പ് മാന്ദ്യം മറികടക്കാന്‍ കഴിയില്ലെന്നും യശ്വന്ത് സിന്‍ഹയുടെ വിമര്‍ശിച്ചിരുന്നു.

ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസില്‍ ‘എനിക്കിപ്പോള്‍ സംസാരിക്കണം’ എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തിലാണ് വാജ്‌പേയി മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായിരുന്ന സിന്‍ഹ മോദി മന്ത്രിസഭയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നത്. ബി.ജെ.പി എം.പിയും ബോളിവുഡ് താരവുമായിരുന്ന ശത്രുഘ്‌നന്‍ സിന്‍ഹയും മുന്‍ ധനമന്ത്രിയുടെ നിലപാടിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.