വാഷിങ്ടണ്‍: പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ബി.ജെ.പിയില്‍ ഭിന്നതയില്ലെന്ന് പ്രമുഖ ബി.ജെ.പി നേതാവും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ശിവരാജ് സിങ് ചൗഹാന്‍. ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി വാഷിങ്ടണില്‍ എത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

Ads By Google

Subscribe Us:

അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് ആവശ്യമായ സമയത്ത് പാര്‍ട്ടി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നതയുണ്ടെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്.

മധ്യപ്രദേശില്‍ നിന്ന് പ്രവര്‍ത്തനം ദല്‍ഹിയിലേക്ക് മാറ്റാന്‍ ഉദ്ദേശമില്ല. തുടര്‍ന്നും മധ്യപ്രദേശില്‍ പ്രവര്‍ത്തിക്കാനാണ് ആഗ്രഹം. സംസ്ഥാനത്തിന്റെ സമഗ്ര പുരോഗതിക്ക് വേണ്ടി തന്റെ ഊര്‍ജം പൂര്‍ണതോതില്‍ ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ കഴിവ്‌കെട്ട പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിച്ച ടൈംസ് മാഗസിന്‍ നടപടിയേയും ചൗഹാന്‍ വിമര്‍ശിച്ചു. ടൈംസ് മാഗസിന്റെ പരാമര്‍ശം സ്വീകാര്യമല്ല. മന്‍മോഹന്‍ സിങ് കോണ്‍ഗ്രസിന്റെയോ ബി.ജെ.പിയുടേയോ പ്രധാനമന്ത്രിയല്ല. അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. അദ്ദേഹത്തിന്റെ കഴിവിനെ തങ്ങള്‍ ആദരിക്കുന്നു.

എന്നാല്‍ വിവിധ വിഷയങ്ങളില്‍ തങ്ങള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നുണ്ട്. അത് ഒരു ജനാധിപത്യ രാജ്യത്തിന്റെ പൊതുസ്വഭാവമാണെന്നും അദ്ദേഹം പറഞ്ഞു.