Categories

ബിഗ്‌ബോസ് ഷോക്കെതിരെ ശിവസേന

മുംബൈ: ടെലിവിഷന്‍ ഷോയായ ബിഗ് ബോസിന്റെ നാലാം സീസണിനെതിരെ ശിവസേന രംഗത്ത്. പരിപാടിയില്‍ പാകിസ്ഥാനിലെ പ്രമുഖരെ പങ്കെടുപ്പിക്കുന്നതിനെതിരെയാണ് ശിവസേന എതിര്‍പ്പുമായി രംഗത്തെത്തിയത്. ലണ്ടനിലെ ബിഗ് ബ്രദര്‍ ഷോയുടെ മാതൃകയില്‍ കുറേ താരങ്ങളെ ഉള്‍പ്പെടുത്തി അരങ്ങേറുന്നതാണ് പരിപാടി.

ബോളിവുഡ് നായകന്‍ സല്‍മാന്‍ഖാനാണ് ബിഗ് ബോസ് സീസണ്‍ നാലിന്റെ അവതാരകന്‍. കഴിഞ്ഞദിവസം പരിപാടിയില്‍ പങ്കെടുക്കുന്നവരുടെ പേര് വിവരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ പാകിസ്ഥാനില്‍ നിന്നുള്ള മോഡലും നടിയുമായ വീണ മാലിക്ക്, പാകിസ്ഥാനിലെ ചാറ്റ് ഷോ അവതാരികയായ ഫാഷന്‍ ഡിസൈനറായ നവാസിഷ് അലി എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയും ശിവസേനയുടെ തീരുമാനത്തിന് പിന്‍തുണപ്രഖ്യാപിച്ചിട്ടുണ്ട്. ക്രിക്കറ്റ് കോഴ വിവാദത്തില്‍ ഉള്‍പ്പെട്ട പാക് താരം മുഹമ്മദ് ആസിഫിന്റെ മുന്‍കാമുകിയാണ് വീണമാലിക്. കോഴവിവാദത്തില്‍ മുഹമ്മദ് ആസിഫിന്റെ മേല്‍ ആരോപണമുന്നയിച്ച് വീണ ശ്രദ്ധേയയായിരുന്നു.

സംഘാടകര്‍ തങ്ങളുടെ തീരുമാനത്തില്‍ മാറ്റംവരുത്തിയില്ലെങ്കില്‍ വലിയ ഭവിഷ്യത്ത് നേരിടേണ്ടിവരുമെന്നാണ് ശിവസേന വക്താവ് അഭിപ്രായപ്പെട്ടത്. ഇങ്ങിനെയാണെങ്കില്‍ അവര്‍ക്ക് അജ്മല്‍ കസബിനെയും അഫ്‌സല്‍ ഗുരുവിനെയും പരിപാടിയില്‍ പങ്കെടുക്കിപ്പാമായിരുന്നുവെന്നാണ് ശിവസേനാ നേതാവ് സംഭവത്തോട് പ്രതികരിച്ചത്.

ശ്വേത തിവാരി, മുനോജ് തിവാരി, ബണ്‍ടി ചോര്‍, അഭിഭാഷകന്‍ അബ്ബാസ് കസ്മി, വീണ മാലിക്, അഷ്മിത് പട്ടേല്‍, സാറാ ഖാന്‍, സാക്ഷി പ്രധാന്‍, രാഹുല്‍ ഭട്ട്, സമീര്‍ സോണി, സീമ പരിഹര്‍, അഞ്ചല്‍ കുമാര്‍, അലി സലിം ഖുസ്‌ര, ഹൃഷാന്ത് ഗോസ്വാമി എന്നിവരാണ് ഷോയില്‍ പങ്കെടുക്കുന്നവരുടെ ആദ്യ ലിസ്റ്റിലുള്‍പ്പെട്ടവര്‍.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.