എഡിറ്റര്‍
എഡിറ്റര്‍
അദ്വാനിയുഗം അവസാനിച്ചിട്ടില്ല; അദ്വാനിയ്ക്ക് പിന്തുണയുമായി ശിവസേന
എഡിറ്റര്‍
Saturday 22nd March 2014 9:00am

shivasena

ന്യൂദല്‍ഹി: ബി.ജെ.പി മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിയെ പിന്തുണച്ചും ബി.ജെ.പി നേതൃത്വത്തെ വിമര്‍ശിച്ചും ശിവസേന രംഗത്ത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അദ്വാനിയുടെ സീറ്റ് സംബന്ധിച്ച് ഉണ്ടായ വിവാദത്തില്‍ ശിവസേന രോഷം പ്രകടിപ്പിച്ചു.

ഇത് നരേന്ദ്ര മോഡിയുടെ കാലം തന്നെയെന്നും എന്നാല്‍ അദ്വാനി യുഗം അവസാനിച്ചിട്ടില്ലെന്നുമാണ് ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലൂടെ  പാര്‍ട്ടി വിമര്‍ശിക്കുന്നത്.

ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവായ അദ്വാനി പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ്. ലോക്‌സഭ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വത്തിന്റെ  ആദ്യഘട്ടത്തില്‍ സീറ്റ് നല്‍കിയില്ലെന്നു മാത്രമല്ല, സീറ്റിനായി അദ്ദേഹത്തിന് കാത്തിരിക്കേണ്ടിയും വന്നു. പാര്‍ട്ടിയിലെ മറ്റ് മുതിര്‍ന്ന് നേതാക്കളെല്ലാം തങ്ങളുടെ ഇഷ്ടമണ്ഡലങ്ങള്‍ തിരഞ്ഞെടുത്തപ്പോള്‍ എന്തുകൊണ്ട് അദ്വാനിയ്ക്ക് തന്റെ ഇഷ്ടത്തിന് മണ്ഡലം തിരഞ്ഞെടുക്കാന്‍ സമ്മതം നല്‍കിയില്ലെന്നാണ് ശിവസേനയുടെ മുഖപത്രം ചോദിയ്ക്കുന്നത്.

മധ്യപ്രദേശിലെ ഭോപ്പാലില്‍ മത്സരിക്കണമെന്ന അദ്വാനിയുടെ ആവശ്യം ബി.ജെ.പി. തിരഞ്ഞെടുപ്പുസമിതി യോഗം തള്ളിയിരുന്നു. മത്സരിക്കുന്നെങ്കില്‍ ഭോപ്പാലില്‍ നിന്ന് മാത്രമെന്ന നിലപാടിലായിരുന്നു അദ്വാനി.

എന്നാല്‍ നരേന്ദ്ര മോഡിയടക്കമുള്ള നേതാക്കള്‍ അദ്വാനിയെ കണ്ട് ഗാന്ധിനഗറില്‍ തന്നെ മത്സരിക്കണമെന്നും പാര്‍ട്ടി നിലപാട് അംഗീകരിക്കണമെന്നും അഭ്യര്‍ത്ഥിച്ചിരുന്നു.

മുതിര്‍ന്ന നേതാവായ അദ്വാനിക്ക് അദ്ദേഹത്തിന് ഇഷ്ടമുള്ള മണ്ഡലത്തില്‍ നിന്ന് മത്സരിക്കാമെന്ന് ബി.ജെ.പി  അധ്യക്ഷന്‍ രാജ്‌നാഥ് സിങ് പ്ലസ്താവിച്ചതിന് പിന്നാലെ ഗാന്ധി നഗറില്‍ നിന്ന് തന്നെ മത്സരിക്കാമെന്ന് അദ്വാനി സമ്മതം അറിയിക്കുകയായിരുന്നു.

Advertisement