മുംബൈ: ജമ്മു കശ്മീരില്‍ വര്‍ധിച്ചുവരുന്ന തീവ്രവാദി ആക്രമണങ്ങളില്‍ മോദി സര്‍ക്കാറിനെ വിമര്‍ശിച്ച് ശിവസേന. തീവ്രവാദത്തിനെതിരെ ശക്തമായ നടപടിയെടുക്കാതെ ശാസനകളില്‍ ഒതുക്കുന്ന കേന്ദ്രസര്‍ക്കാറിന്റെ നിരുത്തരവാദപരമായ സമീപനമാണ് ഇവിടെ തീവ്രവാദി ആക്രമണങ്ങള്‍ വര്‍ധിച്ചു വരുന്നതിനു പിന്നിലെന്ന് ശിവസേന ആരോപിക്കുന്നു. മുഖപത്രമായ സാംനയിലൂടെ ശിവസേനയുടെ വിമര്‍ശനം.

സംസ്ഥാന-കേന്ദ്ര ഗവണ്‍മെന്റുകള്‍ അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നാണ് പറഞ്ഞുകൊണ്ടിരിക്കുന്നതെങ്കിലും അവിടം സ്ഥിതിഗതികള്‍ രൂക്ഷമാണ്. കഴിഞ്ഞ വര്‍ഷം മുതല്‍ ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായിരുന്നു. പക്ഷേ അതിര്‍ത്തി പ്രദേശമായ പൂഞ്ച് മേഖലയില്‍ കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ഏകദേശം 150 ഓളം തീവ്രവാദികളെ ഇന്ത്യന്‍ സേന വധിച്ചതായി ജമ്മു ആന്റ് കശ്മീര്‍ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.


Also Read: പരിസ്ഥിതി പ്രവര്‍ത്തക ഡോ.എ. ലത അന്തരിച്ചു


പാകിസ്ഥാന്‍ പിന്നോട്ടേക്കില്ലെന്നാണ് ഇത്തരം ആക്രമണങ്ങള്‍ വ്യക്തമാക്കുന്നത്. മോദി ഗവണ്‍മെന്റും ജമ്മു കശ്മീര്‍ സര്‍ക്കാരും വലിയ വാഗ്ദാനങ്ങള്‍ നടത്തിയിട്ടും തീവ്രവാദത്തെ ഇല്ലാതാക്കാന്‍ കഴിയാത്തതെന്തുകൊണ്ടെന്ന് പൊതു ജനങ്ങള്‍ക്കറിയണമെന്നും സാംന ചോദിക്കുന്നു.

സ്ഥിതി നിയന്ത്രണ വിധേയമാണെന്നാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ അവകാശപ്പെടുന്നത്. അതേസമയം ഇന്തോ പാക് അതിര്‍ത്തി ഇപ്പോഴും സംഘര്‍ഷഭരിതമാണെന്നും ശിവസേന കുറ്റപ്പെടുത്തു.

ജമ്മു കശ്മീരിലെ പൂഞ്ച് മേഖലയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ട് ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ പ്രകോപനമില്ലാതെ പാക് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. കഴിഞ്ഞവര്‍ഷം 228 വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണ് പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായതെങ്കില്‍ ഈ വര്‍ഷം ഇതിനകം തന്നെ അത് 500 കടന്നിരിക്കുകയാണ്.